സുൽത്താൻബത്തേരി: ഗുണ്ടാപട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ യുവാവിനെ പൊലീസ് പിടികൂടി ജയിലിൽ അടച്ചു. ഏഴ് വർഷത്തിനുള്ളിൽ പതിനമൂന്നോളം കേസുകളിൽ പ്രതിയുമായ പുത്തൻക്കുന്ന് സ്വദേശി സംജാദ് എന്ന സഞ്ജു (29)വിനെയാണ് ഓപ്പറേഷൻ കാവലിന്റെ ഭാഗമായി കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി സംസ്ഥാന തലത്തിൽ ആരംഭിച്ച നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.

ബത്തേരി പൊലീസ് സ്റ്റേഷനിലും കുപ്പാടി, തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷനുകളിലുമായി വധശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, നിയമ വിരുദ്ധമായി ആയുധം കൈവശം വെക്കൽ, വനത്തിൽ അതിക്രമിച്ചു കയറി വന്യമൃഗങ്ങളെ വേട്ടയാടൽ തുടങ്ങി നിരവധി കേസുകളിൽ സംജാദ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറാണ് ഉത്തരവ് ഇറക്കിയത്.

ജില്ലയിലെ പൊലീസ് സ്റ്റേഷൻ പരിധിയികളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടവരെ തരം തിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. അതിനിടെ ജില്ലയിൽ മയക്കുമരുന്ന് കേസുകളിൽ നിരവധി യുവാക്കളാണ് അടുത്ത കാലങ്ങളിലായി എക്സൈസ്, പൊലീസ് വകുപ്പുകളുടെ പരിശോധനയിൽ പിടിയിലായത്. ഒന്നിലധികം മയക്കുമരുന്ന് കേസുകളിൽ പ്രതികളാകുന്നവരുടെ നീക്കം നിരീക്ഷിക്കാനും തുടർന്നും കേസുകളിലുൾപ്പെട്ടാൽ ശക്തമായ നിയമനടപടി സ്വീകരിക്കാനുമാണ് നീക്കം.