ന്യൂഡൽഹി: കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി തീരുവ കൂട്ടാനുള്ള ബജറ്റ് നിർദ്ദേശം ആസിയാൻ രാജ്യങ്ങൾക്ക് ബാധകമാക്കാത്തത് പിഴവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് ജോൺ ബ്രിട്ടാസ് കത്തയച്ചു. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന കോമ്പൗണ്ട് റബ്ബറിന്റെ 55 ശതമാനവും വരുന്നത് ആസിയാൻ രാജ്യങ്ങളിൽ നിന്നാണ്. ആസിയാൻ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ നിലനിൽക്കുന്നതിനാൽ നികുതി കൂട്ടാനുള്ള ബജറ്റ് നിർദ്ദേശം ഇവിടങ്ങളിൽ നടപ്പാക്കാനാകില്ല.

പൂജ്യം മുതൽ അഞ്ച് ശതമാനം വരെയാണ് ആസിയാൻ കരാർ പ്രകാരമുള്ള കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി തീരുവ. നികുതി കൂട്ടാൻ ബജറ്റിൽ നിർദ്ദേശിച്ചെങ്കിലും അത് ആസിയാൻ രാജ്യങ്ങൾക്ക് ബാധകമാക്കിയിട്ടില്ല. അതിനായുള്ള ചർച്ചകൾ ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യ നടത്തണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

കേരളം പോലുള്ള റബർ ഉല്പാദക സംസ്ഥാനങ്ങളിലെ കർഷകർക്ക് കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതി തീരുവ കൂട്ടിയത് വലിയ ആശ്വാസമൊന്നും നൽകുന്നില്ല. കോമ്പൗണ്ട് റബ്ബറിനൊപ്പം സ്വാഭാവിക റബ്ബറിന്റെ അനിയന്ത്രിതമായ ഇറക്കുമതിയും കേരളത്തിലെ കർഷകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനാൽ, കോമ്പൗണ്ട് റബറിന്റെ കാര്യത്തിലെങ്കിലും നികുതി കൂട്ടിയ തീരുമാനം എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ ബാധകമാക്കണം.

കോമ്പൗണ്ട് റബറിന്റെ നികുതി പത്തിൽ നിന്ന് 25 ശതമാനമാക്കി കൂട്ടാനാണ് ബജറ്റ് തീരുമാനിച്ചത്. അങ്ങനെ നികുതി ഈടാക്കുമ്പോൾ തന്നെ, കിലോക്ക് പരമാവധി തുക 30 രൂപയായി നിജപ്പെടുത്തിയിരുന്നു. കർഷകരുടെ താല്പര്യം പരിഗണിച്ച് 30 രൂപയെന്ന പരിധി എടുത്തു കളയണമെന്നും ധനമന്ത്രി നിർമ്മല സീതാരാമന് അയച്ച കത്തിൽ ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.