മലപ്പുറം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 15 വർഷം കഠിനതടവും, അഞ്ചുവർഷം തടവും ഒന്നരലക്ഷം പിഴയും. മലപ്പുറം പൊന്മള മുട്ടിപ്പാലം സ്വദേശി പട്ടത്ത് മുഹമ്മദ് ഷാഫി(46)യെയാണ് ശിക്ഷിച്ചത്. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി(രണ്ട്) ജഡ്ജി എസ്.ആർ സിനിയാണ് ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഒരു വകുപ്പ് പ്രകാരം 15 വർഷം കഠിന തടവും ഒരു ലക്ഷം രൂപപിഴയടക്കാനും അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിനതടവിനുമാണ് ശിക്ഷിച്ചത്. കൂടാതെ മറ്റൊരു വകുപ്പിൽ അഞ്ചുവർഷം തടവും 50,000 രൂപ പിഴയുമാണ്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവും അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചാൽ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയയ്ക്കും.

2014 ഡിസംബറിൽ 29 വയസുള്ള യുവതിയുടെ വീട്ടിൽവെച്ച് വിവാഹ വാഗ്ദാനം നൽകിയും തുടർന്നും വിവാഹക്കാര്യം പറഞ്ഞ് പലപ്രാവശ്യം പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ മലപ്പുറം പൊലീസാണ് 2015ൽ കേസെടുത്തത്. മലപ്പുറം പൊലീസ് ഇൻസ്പെക്ടറായിരുന്ന ആർ. അശോകൻ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ കെ.സി. വിനു ആണ് പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗം തെളിവിലേക്കായി 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ. കവിത ഹാജരായി.