കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും, കെ ടി ജലീലിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുൻകൂർ ജാമ്യാപേക്ഷ തേടി ഹൈക്കോടതിയെ സമീപിച്ച സ്വപ്‌നയുടെ ഹർജിയിൽ സർക്കാർ നിലപാട് അറിയിച്ചതിനെത്തുടർന്ന് കോടതി ഹർജി തീർപ്പാക്കി.

ഈ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഉദ്ദേശ്യമില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി. ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജസ്റ്റിസ് വിജു എബ്രഹാം ആണ് ജാമ്യ ഹർജി പരിഗണിച്ചത്.

സ്വർണക്കടത്ത് കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ മൊഴി രേഖപ്പെടുത്തിയ ശേഷം 2022 ജൂണിൽ സ്വപ്ന സുരേഷ് വാർത്താസമ്മേളനത്തിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയ്ക്കും മകൾക്കും കെ ടി ജലീലിനും എതിരെ ഗുരുതരമായ നിരവധി ആരോപണങ്ങൾ ഉന്നയിച്ചത്. തുടർന്ന് സ്വപ്ന സുരേഷിനെതിരെ കെ ടി ജലീൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വ്യാജവാർത്തകൾ പ്രചരിപ്പിച്ച് സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ മുൻ എംഎൽഎ പിസി ജോർജുമായി സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ജലീൽ നൽകിയ പരാതി വ്യാജമാണെന്നും കേസിൽ തന്നെ അറസ്റ്റ് ചെയ്യരുതെന്നും ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2021ൽ ജാമ്യം ലഭിക്കുന്നതിന് മുമ്പ് ജയിലിലായിരുന്നപ്പോൾ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുത്തരുതെന്ന് നിർബന്ധിച്ചുവെന്നും മറ്റ് പ്രതികളെയും തന്നെയും ചിലർ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന സുരേഷിന്റെ ജാമ്യ ഹർജിയിൽ പറയുന്നു. 2022 ജൂൺ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനുമായും അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനുമായും അടുപ്പമുണ്ടെന്ന് അവകാശപ്പെടുന്ന ഒരാൾ തന്നെ കാണാൻ വന്ന് രഹസ്യമൊഴിയിൽ പറഞ്ഞിരിക്കുന്നത് പിൻവലിക്കണമെന്ന് സമ്മർദം ചെലുത്തിയെന്നും ഹർജിയിൽ സ്വപന് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ തന്റെ അറസ്റ്റിനെക്കുറിച്ച് ആശങ്കയുണ്ടെന്നും അതിനാലാണ് മുൻകൂർ ജാമ്യം തേടുന്നതെന്നും സ്വപ്നയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു