കണ്ണൂര്‍: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ കെ കെ ലതികയെ ന്യായികരിച്ച് സിപിഎം നേതാവ് ഇ പി ജയരാജന്‍. പിന്നില്‍ യുഡിഎഫ് തന്നെയാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. യുഡിഎഫിന്റെ കൈകള്‍ പരിശുദ്ധമാണോയെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജന്‍. കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രൂക്ഷവിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഇപി നിലപാട് വ്യക്തമാക്കിയത്.

വര്‍ഗീയ പ്രചരണത്തിന് എതിരായിട്ടായിരുന്നു കെകെ ലതിക സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തത്. എല്ലാവരും ഇങ്ങനെ പോസ്റ്റ് ചെയ്യാറുണ്ട്. കെകെ ശൈലജ ലതികയെ തള്ളിപ്പറഞ്ഞത് എന്തുകൊണ്ടെന്നറിയില്ല. അത് അവരോട് തന്നെ ചോദിക്കണം. പൊലീസ് അന്വേഷണം സത്യസന്ധമെന്ന് പ്രതിപക്ഷം അംഗീകരിച്ചല്ലോ. പോലീസിന് കിട്ടിയ വിവരങ്ങളാണ് കോടതിയില്‍ എത്തിച്ചത്. വസ്തുതകള്‍ കോടതിയില്‍ വെളിപ്പെടും. കിട്ടിയ വിവരങ്ങള്‍ വെച്ചാണ് പ്രാഥമിക റിപ്പോര്‍ട്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് ഭീകര പ്രവര്‍ത്തനത്തിന് തുല്യമായ വിദ്വേഷം പ്രചരണമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. എല്ലാ തെളിവും ഉണ്ടായിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ല. മുഖ്യമന്ത്രി കൂട്ടുകാരെ സംരക്ഷിക്കുകയാണ്. കേരളത്തിന്റെ മതേതര സ്വഭാവത്തിന് കളങ്കമാണെന്നും നിയമപോരാട്ടം തുടരുമെന്നും വിഡി സതീശന്‍ പറഞ്ഞു. വിമര്‍ശിച്ചാല്‍ കേസെടുക്കും. വിദ്വേഷം പ്രചരിപ്പിച്ചാല്‍ കേസില്ല. ഡിഫിക്കാരനെ ചോദ്യം ചെയ്താല്‍ വിവരം കിട്ടും. പക്ഷേ ചെയ്യുന്നില്ല. ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് സത്യം പുറത്ത് വന്നത്, ഇല്ലെങ്കില്‍ കാസിമിന്റെ തലയില്‍ ഇരുന്നേനെ. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യേണ്ട കേസ് ആണിതെന്നും അല്ലെങ്കില്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ തുടരുമെന്നും വിഡി സതീശന്‍ പറഞ്ഞു.