കണ്ണൂർ: നഗര ശുചീകരണത്തിനു കോർപറേഷനു യന്ത്രവൽകൃത റോഡ് ശുചീകരണ യന്ത്രം (ട്രക്ക് മൗൺടഡ് സ്വീപ്പർ സ്വീപ്പിങ് മെഷീൻ) സജ്ജം. കോർപറേഷൻ ധനകാര്യ കമ്മിഷൻ ഗ്രാൻഡ് ഉപയോഗിച്ച് 75 ലക്ഷം രൂപ ചെലവഴിച്ചാണ് യന്ത്രം വാങ്ങിയയത്. വിദേശ രാജ്യങ്ങളിലെ റോഡ് ശുചീകരണ യന്ത്രമാണിത്. തൃശൂർ കോർപറേഷനു പിന്നാലെയാണ് കണ്ണൂർ കോർപറേഷനും സംവിധാനം ഒരുക്കുന്നത്. ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ ഇത്തരത്തിലുള്ള സജ്ജീകരണം ശുചീകരണത്തിനുണ്ട്. 101 എച്ച്പി ശക്തിയിലുള്ള ട്രക്കിലെ ഓട്ടമറ്റിക് ബ്രഷ് കൊണ്ട് പൊടിയും മാലിന്യങ്ങളും ശേഖരിച്ചെടുക്കും.

6 ടൺ മാലിന്യം സംഭരിക്കുന്നതിന് ശേഷിയുള്ള ടാങ്ക് ഈ വാഹനത്തിൽ ഉണ്ട്. ഈ യന്ത്രം ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ ഒരു പ്രദേശം മുഴുവനായി വൃത്തിയാക്കുന്നതിന് സാധിക്കും. ഏത് പ്രതലത്തിലും പ്രവർത്തിക്കുന്നതിന് സാധിക്കും. ഒരു മണിക്കൂർ കൊണ്ട് 4 മുതൽ 10 വരെ കിലോമീറ്റർ പ്രദേശം വൃത്തിയാക്കാൻ കഴിയും. റോഡിന്റെയും ഫുട്പാത്തിന്റെയും വശങ്ങളിലുള്ള മണൽ പോലും വലിച്ചെടുക്കുന്നതിന് ഈ യന്ത്രത്തിന്റെ പ്രവർത്തനം വഴി സാധിക്കും.

ഇരുവശത്തും മധ്യത്തിലുമുള്ള ബ്രഷ് കൊണ്ട് 6 ടൺ മാലിന്യം ഒരു തവണ ട്രക്കിൽ സംഭരിക്കാനാകും. ആദ്യഘട്ടത്തിൽ രാത്രി കാലത്ത് യന്ത്രം ഉപയോഗിച്ച് ശുചീകരണം നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി തിരഞ്ഞെടുത്ത തൊഴിലാളികൾക്ക് 3 മാസത്തെ പരിശീലനം നൽകും. ഗതാഗത കുരുക്ക് ഒഴിവാക്കാൻ രാത്രിയിൽ മാത്രമേ മെഷീൻ പ്രവർത്തിപ്പിക്കൂ. കോയമ്പത്തൂർ ആസ്ഥാനമായ റൂട്‌സ് മൾട്ടി ക്ലീൻ ലിമിറ്റഡിൽ നിന്നാണ് മെഷീൻ വാങ്ങിയത്. ഇവർ തന്നെ സർവീസ് നടത്തും.

പുതിയ യന്ത്രം കൊണ്ട് നഗരശുചീകരണം കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കും. 6000 ലീറ്റർ ശേഷിയുള്ള ഈ മെഷീൻ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ പ്രദേശത്തെ വൃത്തിയാക്കാൻ കഴിയും. പൊടിപടലങ്ങൾ ഉണ്ടാകാതെ സ്വയം വെള്ളം തെളിച്ച് വൃത്തിയാക്കാനും ഏത് പ്രതലത്തിലും പ്രവർത്തിക്കാനും കഴിയും. മണിക്കൂറിൽ 4 മുതൽ 10 കിലോമീറ്റർ വരെയുള്ള പ്രദേശം വൃത്തിയാക്കാൻ കഴിയും.