മലപ്പുറം: ലാപ്ടോപ്പിന്റെയും എയർപാഡിന്റേയും ബാറ്ററിക്കുള്ളിലും സ്വർണം. കരിപ്പൂർ വിമാനത്തവളത്തിൽ 65ലക്ഷം രൂപയുടെ സ്വർണവുമായി മൂന്നുപേർ പിടിയിൽ. ഇന്നു രാവിലെ ദുബായിൽനിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു യാത്രക്കാരിൽ നിന്നുമായി ലാപ്ടോപിന്റെയും എയർപോഡിന്റെയും ബാറ്ററികളുടെ ഭാഗത്തും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ചുവച്ചു കൊണ്ടുവന്ന ഏകദേശം 65 ലക്ഷം രൂപ വിലമതിക്കുന്ന 1.2 കിലോയോളം സ്വർണമാണ് എയർ കസ്റ്റീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ദുബായിൽനിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ എത്തിയ കാസറഗോഡ് സ്വദേശികളായ കളത്തൂർ മുഹമ്മദിൽ (44)നിന്നും തൈവളപ്പിൽ മാഹിൻ അബ്ദുൽ റഹ്‌മാനിൽ(51) നിന്നുമാണ് എയർപോഡുകളുടെ ബാറ്ററികളുടെ ഭാഗത്തു ഒളിപ്പിച്ചുവച്ചിരുന്ന ചെറിയ സ്വർണ കഷണങ്ങളും ലാപ്ടോപ്പുകളുടെ ബാറ്ററികളുടെ ഭാഗത്തു പാളികളുടെ രൂപത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന സ്വർണവുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മുഹമ്മദ് കൊണ്ടുവന്ന മൂന്നു ലാപ്ടോപ്പുകളിൽനിന്നും രണ്ടു എയർപോഡുകളിൽ നിന്നുമായി ഏകദേശം അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന 95 ഗ്രാം തങ്കവും മാഹിൻ കൊണ്ടുവന്ന ഒരു ലാപ്ടോപ്പിൽ നിന്നും ഒരു എയർപോഡിൽ നിന്നുമായി ഏകദേശം രണ്ടുലക്ഷം രൂപ വിലമതിക്കുന്ന 34 ഗ്രാം തങ്കവുമാണ് പിടികൂടിയത്.

ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ എത്തിയ മലപ്പുറം കോട്ടക്കൽ സ്വദേശിയായ പന്തലൂക്കാരൻ ആഷിഖിൽ (26) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന ഏകദേശം 58 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമിശ്രിതമടങ്ങിയ 1168 ഗ്രാം തൂക്കമുള്ള നാലു ക്യാപ്സൂളുകളാണ് എയർ കസ്റ്റീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഈ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം ആഷിഖിന്റെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്. ആശിഖിനു കള്ളക്കടത്തു സംഘം പ്രതിഫലമായി 80000 രൂപയാണ് വാഗ്ദാനം ചെയ്തിരുന്നത്.