കാസർകോട് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട് സെന്ററിന്റെ മാതൃകയിൽ രാജ്യാന്തര നിലവാരത്തിലുള്ള ഭിന്നശേഷി പുനരധിവാസ കേന്ദ്രവും ആധുനിക തെറപ്പി യൂണിറ്റും കാസർകോടും ആരംഭിക്കുമെന്ന് ഗോപിനാഥ് മുതുകാട് .പദ്ധതിക്കാവശ്യമായ ഭൂമി സൗജന്യമായി നൽകാൻ സ്വകാര്യ വ്യക്തി രംഗത്തെത്തിയിട്ടുണ്ട്.കോട്ടയം ബിസിഎം കോളജിലെ ഹിന്ദി പ്രഫസർ ആയിരുന്ന എം.കെ.ലൂക്കയാണ് പുനരധിവാസ കേന്ദ്രം നിർമ്മിക്കുന്നതിനുള്ള 16 ഏക്കർ ഭൂമി സൗജന്യമായി നൽകുന്നത്.

എൻഡോസൾഫാൻ ദുരിത മേഖല കൂടിയായ കാസർകോട് ഇത്തരമൊരു പ്രോജക്ട് നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കുമെന്നും ഗോപിനാഥ് മുതുകാട് വ്യക്തമാക്കി.ഡിഫറന്റ് ആർട് സെന്ററിലെ പരിശീലനം കുട്ടികളുടെ മാനസിക നിലവാരത്തിൽ ഗണ്യമായ പുരോഗതിയുണ്ടായതായി കേരള സർക്കാരിന് കീഴിലുള്ള ചൈൽഡ് ഡിവലപ്മെന്റ് സെന്റർ കണ്ടെത്തുകയും ഇത് സംബന്ധിച്ച് റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ മാതൃകയാണു കാസർകോടും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

2017ൽ കാസർകോട് നടന്ന മലയാള മനോരമ നല്ലപാഠം പരിപാടിയുമായി ബന്ധപ്പെട്ടാണ് എൻഡോസൾഫാൻ രോഗികളുടെ ദുരിതം ഗോപിനാഥ് മുതുകാടിന്റെ ശ്രദ്ധയിലെത്തിയത്.തുടർന്ന്, മന്ത്രിയായിരുന്ന കെ.കെ.ശൈലജയുടെ പിന്തുണയോടെ ഭിന്നശേഷിക്കുട്ടികളെ മാജിക് പഠിപ്പിക്കാനുള്ള പദ്ധതി ആരംഭിക്കുകയും ചെയ്തു.

23 കുട്ടികളെ മാജിക് പഠിപ്പിക്കുകയും അന്നത്തെ ഇന്ത്യൻ വൈസ് പ്രസിഡന്റ് ഹാമിദ് അൻസാരിക്ക് മുൻപിൽ കുട്ടികൾ ഇന്ദ്രജാലാവതരണം നടത്തുകയും ചെയ്തു. ഇവരിൽ നിന്ന് തിരഞ്ഞെടുത്ത കുട്ടികൾക്ക് മാജിക് പ്ലാനറ്റിൽ എംപവർ എന്നപേരിൽ തൊഴിലവസരം നൽകി.

തുടർന്ന് 2019ലാണ് കലകളിലൂടെ കുട്ടികൾക്ക് സമഗ്രമായ മാറ്റമുണ്ടാക്കുന്നതിനായി തിരുവനന്തപുരത്ത് ഡിഫറന്റ് ആർട് സെന്റർ ആരംഭിക്കുന്നത്.200 കുട്ടികൾ വിവിധ കലകളിൽ ഇവിടെ പരിശീലനം നേടുകയും സന്ദർശകർക്ക് മുൻപിൽ കലാപ്രകടനങ്ങൾ അവതരിപ്പിച്ചു വരികയും ചെയ്യുന്നു. 2023 ജനുവരിയിൽ പുതിയ 100 കുട്ടികളെ കൂടി പ്രവേശിപ്പിക്കാനുള്ള നടപടികളിലാണ് മുതുകാട്.

ഇവിടെ ആധുനിക രീതിയിൽ തയാറാക്കിയിരിക്കുന്ന ഒട്ടേറെ തെറപ്പി സെന്ററുകളും പ്രവർത്തിക്കുന്നു. കുട്ടികൾക്ക് തൊഴിൽ ശാക്തീകരണം നൽകുന്നതിനായി യൂണിവേഴ്സൽ മാജിക് സെന്ററും അണിയറയിൽ ഒരുങ്ങുകയാണ്.