കോഴിക്കോട്: കുന്ദമംഗലത്ത് വൻ മയക്കുമരുന്ന് വേട്ട. 372 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ലഹരി മരുന്ന് കടത്തിക്കൊണ്ടുവരികയായിരുന്ന പെരുമണ്ണ പാറമ്മൽ സലഹാസ് വീട്ടിൽ സഹദ് കെപി (31), കൊടിയത്തൂർ കിളിക്കോട് തടായിൽ വീട്ടിൽ നസ്ലീം മുഹമ്മദ് (26) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച അർദ്ധരാത്രി കുന്ദമംഗലം ടൗണിൽ വച്ചാണ് 372 ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച് കെ എൽ 85 4474 സ്വഫ്റ്റ് കാറും സഹിതം പിടിയിലായത്. സിറ്റി നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും കുന്ദമംഗലം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ബംഗളൂരുവിൽ നിന്നും ഇവർ കേരളത്തിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ബംഗളൂരുവിലെ രാജ്യാന്തര ബന്ധമുള്ള മൊത്ത കച്ചവടക്കാരിൽ നിന്നും മയക്കുമരുന്ന് വാങ്ങി കേരളത്തിൽ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണിവർ. ഇവരിൽ നിന്നും പിടിച്ചെടുത്ത എംഡിഎഎയ്ക്ക് വിപണിയിൽ 20 ലക്ഷം രൂപ വരെ വിലയുണ്ട്.

പ്രതികൾക്ക് മയക്കുമരുന്ന് ലഭിക്കുന്ന ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ പിടികൂടുമെന്നും മെഡിക്കൽ കോളെജ് അസി. കമ്മീഷണർ കെ സുദർശൻ അറിയിച്ചു. സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണയുടെ നിർദ്ദേശപ്രകാരം ഡിസിപി കെ ഇ ബൈജുവിന്റെ നേതൃത്വത്തിൽ ലഹരിമരുന്ന് വേട്ട ജില്ലയിൽ ശക്തമാക്കിയിട്ടുണ്ട്. യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചതിനാൽ പൊലീസ് പരിശോധന കർശനമാക്കി ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് വരികയാണ്.