ന്യൂഡൽഹി: പുതിയ ഒറ്റത്തവണ പ്രീമിയം പ്ലാൻ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ഇൻഷുറൻസ് സ്ഥാപനമായ എൽഐസി. നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിങ്, വ്യക്തിഗത, സേവിങ്സ് ലൈഫ് ഇൻഷുറൻസ് പ്ലാനിന് ധൻ വർഷ എന്ന പേരാണ് നൽകിയിരിക്കുന്നത്.പദ്ധതി പരിരക്ഷയും സമ്പാദ്യവും വാഗ്ദാനം ചെയ്യുന്നു.

പോളിസി കാലയളവിൽ ഉപയോക്താവ് മരിച്ചാൽ കുടുംബത്തിന് ആനുകൂല്യം ലഭിക്കും. പോളിസി കാലാവധി പൂർത്തിയാക്കുന്ന ഉപയോക്താവിന് കാലാവധി തീരുന്ന സമയത്ത് ഗ്യാരണ്ടീഡ് ലംപ്സം തുകയും നൽകും. ക്ലോസ് എൻഡഡ് പ്ലാനാണിത്. അതായത് ഇടയ്ക്ക് വച്ച് തുക പിൻവലിക്കാൻ സാധിക്കില്ല.

സം അഷ്വേർഡിന് ഉയർന്ന പരിധിയില്ല. കുറഞ്ഞ സം അഷ്വേർഡ് തുകയായി ഒന്നേകാൽ ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ പ്ലാനിൽ ചേരാനുള്ള കുറഞ്ഞ പ്രായം മൂന്ന് വയസ്സാണ്. പരമാവധി പ്രായം 60 വയസ്സാണ്. കാലാവധി പൂർത്തിയാവുന്ന കുറഞ്ഞ പ്രായമായി 18 വയസ്സാണ് നിശ്ചയിച്ചിരിക്കുന്നത്. പരമാവധി 75 വയസ്സ്.

പ്ലാൻ അനുസരിച്ച് ഉപഭോക്താവിന് മുന്നിൽ രണ്ടു ഓപ്ഷനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത അടിസ്ഥാന സം അഷ്വേർഡിനായി ടാബുലാർ പ്രീമിയത്തിന്റെ 1.25 മടങ്ങ്. അല്ലെങ്കിൽ അടിസ്ഥാന സം അഷ്വേർഡിനായി ടാബുലാർ പ്രീമിയത്തിന്റെ പത്തുമടങ്ങ്.

ഈ രണ്ടാമത്തെ ഓപ്ഷനാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഇതിന് പുറമേ രണ്ട് ഓപ്ഷനൽ റൈഡേഴ്സും ഈ പ്ലാനിലുണ്ട്. അപകട മരണം, അപകടം മൂലം ശാരീരിക വൈകല്യങ്ങൾ സംഭവിക്കൽ എന്നി കാരണങ്ങളാലും ആനുകൂല്യം ലഭിക്കുന്ന വിധമാണ് പ്ലാൻ. ഇതു കൂടാതെ മറ്റു ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്. ഗ്യാരണ്ടീഡ് അഡിഷനാണ് ഇതിൽ ഒന്ന്. പോളിസി കാലയളവിൽ മരണം സംഭവിക്കുകയാണെങ്കിൽ ഗ്യാരണ്ടീഡ് അഡിഷനും പ്രത്യേകമായി നൽകും. കൂടുതൽ വിവരങ്ങൾക്ക് വെബസൈറ്റ് സന്ദർശിക്കുക.