മലപ്പുറം : നായ കുറുകെച്ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവർക്ക് പരിക്കുപറ്റി. ഐക്കരപ്പടി കൈതക്കുണ്ടയിൽ ശ്രീനിലയത്തിൽ മുരളിയുടെയും ഗീതയുടെയും മകൻ സൗരവ് (21) ആണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന കാരാട് പറമ്പ് കൊളക്കാട്ടിൽ പുറായിൽ താമസിക്കുന്ന രാഹുൽ ശങ്കറിനെ (24) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫാറൂക്ക് കോളേജ് - വാഴക്കാട് റോഡിൽ കാരാട് പറമ്പ് സ്ഥാനാർത്ഥി പടിയിൽ വെള്ളിയാഴ്ച പുലർച്ചെ 5.15- ഓടെ ആണ് അപകടം ഉണ്ടായത്. നൈറ്റ് ഇവന്റ്‌സ് എന്ന ഡെക്കറേഷൻ സ്ഥാപനത്തിലെ ജോലിക്കാരായ ഇരുവരും കോഴിക്കോട് പാലാഴിയിൽ ഡെക്കറേഷൻ വർക്ക് കഴിഞ്ഞ് കാരാട് പറമ്പിലേക്ക് മടങ്ങിപ്പോകമ്പോളായിരുന്നു അപകടം.

സ്ഥാനാർത്ഥി പടിക്കു സമീപത്തുവെച്ച് നായ ഓട്ടോക്ക് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണംവിട്ട് റോഡരികിലെ ഗേറ്റിന്റെ തൂണിൽ ഇടിച്ച് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൗരവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സഹോദരൻ മിഥുൻ ലാൽ. വാഴക്കാട് എസ്. ഐ. കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകി.