കൊച്ചി: എം.ഡി.എം.എയുമായി ലഹരി മാഫിയയുടെ മുഖ്യകണ്ണി പിടിയിലായി. എറണാകുളം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.എസ് ജനീഷിന്റെ നേതൃത്വത്തിൽ എറണാകുളം, കടവന്ത്ര ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 9.053 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം കോട്ടക്കൽ പാറ ദേശത്തുകൊറ്റനാട്ട് വീട്ടിൽ ജോസ് പീറ്റർ (30) പിടിയിലായത്. ഏകദേശം അരലക്ഷം രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്.

ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളിൽനിന്നും എം.ഡി.എം.എ വാങ്ങി ആവശ്യക്കാർ പറയുന്ന സ്ഥലത്ത് വിവിധ സോഷ്യൽ ആപ്പുകൾ വഴിയും ഇടനിലക്കാർ വഴിയുമായിരുന്നു ഇയാൾ എത്തിച്ചിരുന്നത്.

ഒരു ഗ്രാമിന് 2500 രൂപക്ക് ബംഗളൂരുവിൽനിന്ന് വാങ്ങി കൊച്ചിയിൽ കൊണ്ട് വന്ന് 4,000 രൂപ മുതൽ 6,000 രൂപ നിരക്കിലാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. മാസങ്ങൾ നീണ്ട നീരീക്ഷണത്തിലൊടുവിലാണ് പ്രതി വലയിലായത്.

പ്രതി വലയിലായതോടെ ലഹരി മാഫിയയുടെ വൻ ശൃംഖലയെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രിവന്റീവ് ഓഫീസർമാരായ എം.കെ. ഷാജി, പി.ജെ. ജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി എം. സെയ്ദ്, എസ്. ശരത്, അമ്പിളി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.