തിരുവനന്തപുരം:ഖത്തറിൽ ഫുട്‌ബോൾ ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ രാഷ്ട്രീയരംഗത്തുള്ളവരുടെ ഫാൻ ഫൈറ്റിൽ ബ്രസീലിനൊപ്പം കട്ടക്ക് നിന്ന വ്യക്തിയാണ് മന്ത്രി വി.ശിവൻകുട്ടി.എന്നാൽ ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിനൊടുവിൽ മഞ്ഞപ്പട പുറത്താകുകയായിരുന്നു.ഇപ്പോഴിതാ ലോകകപ്പ് സെമി പോരാട്ടത്തിൽ ഇന്ന് ക്രൊയേഷ്യയുമായി ഏറ്റുമുട്ടുന്ന അർജന്റീനക്ക് വിജയാശംസ നേർന്നിരിക്കുകയാണ് വി. ശിവൻകുട്ടി.ബ്രസീലിന് കാലിടറിയെങ്കിലും ഫുട്ബോൾ ആരാധകൻ എന്ന നിലയിൽ അർജന്റീനക്ക് വിശജയാശംസ നേരുന്നുവെന്നാണ് ബ്രസീൽ ഫാനായ മന്ത്രി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.

ഫുട്ബാളിൽ ലാറ്റിനമേരിക്കൻ താളം ഒന്ന് വേറെ തന്നെയാണെന്നും അദ്ദേഹം പറയുന്നു.ലോകകപ്പ് ആരംഭിച്ച ശേഷം നിരവധി തവണ മത്സരങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ മന്ത്രി ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു.നേരത്തെ നെതർലൻഡ്‌സിനെ തോൽപിച്ച് അർജന്റീന സെമിയിലെത്തിയ മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിനൊടുവിൽ എമിലിയാനോ മാർട്ടിനെസിനെ ആലിംഗനം ചെയ്യുന്ന മെസ്സിയുടെ ചിത്രവും മന്ത്രി തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു.