കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ആംബുലൻസ് ഡ്രൈവറെ വളണ്ടിയർ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി പരാതി. നാദാപുരം വാണിമേൽ സ്വദേശിയായ ആംബുലൻസ് ഡ്രൈവർ ദീപാ ജോസഫാണ് ആശുപത്രിയിലെ വളണ്ടിയർക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയത്. ദീപയുടെ പരാതിയിൽ വളണ്ടിയർക്കെതിരെ കേസ് എടുത്തു.

നാദാപുരം സ്വദേശിയായ രോഗിയേയും കൊണ്ടാണ് ദീപ കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തിയത്. അവിടെ വെച്ച് രോഗിയെ ആംബുലൻസിൽ നിന്ന് മാറ്റാൻ സ്ഥലത്തുണ്ടായിരുന്ന വളണ്ടിയർ വിമുഖത കാണിച്ചു. തുടർന്ന് സ്വന്തം നിലയ്ക്ക് രോഗിയെ ഇറക്കാൻ ശ്രമിച്ചപ്പോൾ ആംബുലൻസിൽ അതിക്രമിച്ച് കയറിയ വളണ്ടിയർ സിലിണ്ടറിൽ നിന്ന് ഓക്സിജൻ തുറന്നുവിട്ടെന്നും ദീപ പറയുന്നു.

രോഗിക്ക് നൽകിയിരുന്ന ഓക്സിജൻ മാസ്‌ക് വളണ്ടിയർ മാറ്റിയെന്നും പിന്നീട് ഇതിന്റെ അളവിൽ മാറ്റം വരുത്തി രോഗിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്നും ദീപയുടെ പരാതിയിൽ ഉണ്ട്. ഇത് തടയാൻ ശ്രമിച്ചപ്പോൾ മർദ്ദിച്ചു. ഓടിക്കുന്നത് ഒരു പെണ്ണല്ലേ, അതിന്റെ കുറച്ച് അഹങ്കാരമുണ്ട് അതുകൊണ്ടാണ് ഓക്സിജൻ സിലിണ്ടർ മാറ്റുന്നതെന്ന് പറഞ്ഞാണ് ഓക്സിജൻ സിലിണ്ടർ തുറന്നുവിട്ടതെന്നും ദീപ ആരോപിക്കുന്നു.