മലപ്പുറം: മലപ്പുറത്തുകൊലക്കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ട ശേഷം കാപ്പ ചുമത്തി നാടുകടത്തി. മലപ്പുറം താനൂർ ചീരാൻ കടപ്പുറം അരയന്റെ പുരക്കൽ സൂഫിയാൻ (25) നെയാണ് കാപ്പ ചുമത്തി മലപ്പുറം ജില്ലയിൽ നിന്നും ഒരു വർഷത്തേക്കു നാടുകടത്തിയത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജത് ദാസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. താനൂർ, തിരൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ, ദേഹോപദ്രമേൽപ്പിക്കൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് സൂഫിയാൻ. കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന സൂഫിയാനെ ബേപ്പൂരിൽ നിന്നും അന്നത്തെ സിഐ. പ്രമോദും സംഘവും അറസ്റ്റ് ചെയ്ത് ജയിലിൽ അയക്കുകയും, പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു.

ദിവസങ്ങൾക്കുള്ളിലെ മലപ്പുറം ജില്ലയിലെ രണ്ടാമത്തെ കാപ്പ കേസാണിത്. മലപ്പുറം കോഡൂരിലെ ആമിയൻ ഷംനാദിനെ(25)നെ കാപ്പ ചുമത്തി നാടുകടത്തിയത് ദിവസങ്ങൾക്ക് മുമ്പാണ്. വധശ്രമം, മോഷണം, ചതി ചെയ്യൽ, തട്ടിക്കൊണ്ടുപോകൽ സ്വഭാവത്തിലുള്ള നിരവധി കേസുകളിലെ പ്രതിയായ ഷംനാദിനെ കാപ്പ ചുത്തി മലപ്പുറം ജില്ലയിൽനിന്നും നാടുകടത്തിയിട്ടും വിലക്കു ലംഘിച്ച് വീണ്ടും രഹസ്യമായി മലപ്പുറം ജില്ലയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നു പ്രതി മലപ്പുറം കോഡൂരിലെ ആമിയൻ ഷംനാദിനെ കഴിഞ്ഞ ദിവസം താനൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു സ്പെഷ്യൽ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്നു പ്രതിയെ താനൂർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. ഇയാളെ കഴിഞ്ഞ ദിവസമാണ് ഒരു വർഷത്തേക്കാണ് ജില്ലയിൽ കടക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിൻ മേലായിരുന്നു നടപടി.

മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വധശ്രമം, മോഷണം, ചതി ചെയ്യൽ, തട്ടിക്കൊണ്ടുപോകൽ സ്വഭാവത്തിലുള്ള നിരവധി കേസുകൾ നിലവിലുള്ളതായി പൊലീസ് പറയുന്നു. ജില്ലയിൽ കടക്കാൻ പാടില്ലെന്നിരിക്കെ ജില്ലയിലെ താനൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിക്കു താനൂരിൽ ഒളിവിൽ കഴിയാൻ ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടേയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്. ഇവിടെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും കേസെടുക്കുമെന്ന നിലപാടിലാണ് പൊലീസ്.

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ(ഗുണ്ടാ ആക്ട്). 2007ൽ നിലവിൽ വന്ന കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്ന ഗുണ്ടാ പ്രവർത്തന നിരോധന നിയമത്തിൽ 2014 ൽ ഭേദഗതി വരുത്തിയാണ് ഈ നിയമം പ്രാബല്യത്തിലാക്കിയത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ഒരു വർഷമാണ്.

ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്. ഗുണ്ടാ, റൗഡി എന്നിവ സംബന്ധിച്ച് കൃത്യമായി നിർവചനം ഈ നിയമത്തിലുണ്ട്. അനധികൃത മണൽ കടത്തുകാർ, പണം പലിശക്ക് നൽകുന്ന ബ്ലേഡ് സംഘങ്ങൾ, അബ്കാരി കേസിലെ പ്രതികൾ തുടങ്ങി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നവരെ ഗുണ്ടകളെന്നും കൂലിത്തല്ല്, ക്വട്ടേഷൻ പ്രവർത്തനം എന്നിവയിൽ സജീവമാകുന്നവരെ റൗഡികളെന്നും കണക്കാക്കിയാണ് നടപടിയെടുക്കുക. മൂന്നു കേസുകളിൽ പ്രതികളാവുകയോ ഒരു കേസിൽ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ് ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിൽ വയ്ക്കുന്നത്.