കൊച്ചി: ആലുവയിൽ സ്‌കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവർക്കും സ്‌കൂൾ അധികൃതർക്കും വീഴ്ച പറ്റിയതായി മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും വാഹനത്തിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു. ആലുവ സ്വദേശി യൂസഫിന്റെ മകൾ ഫൈസയാണ് അപകടത്തിൽപ്പെട്ടത്.

വാഹനത്തിന്റെ ഡോർ അബദ്ധത്തിൽ തുറന്നു പോകുന്നത് തടയാനുള്ള സംവിധാനമായ സുരക്ഷാ ഗ്ലാസ് ഷീൽഡ് നഷ്ടമായതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. സ്‌കൂളിന്റെ കീഴിലുള്ള മറ്റ് ആറു ബസുകളിലും സമാനമായ തകരാർ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ പരിശോധനയിൽ വ്യക്തമായത് ഡ്രൈവർക്കും സ്‌കൂൾ അധികൃതർക്കും വീഴ്ച പറ്റിയെന്നാണെന്ന് മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ആലുവയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിൽ നിന്ന് തെറിച്ച് വീണ എൽകെജി വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടത്. ബസിന്റെ എമർജൻസി വാതിലിലൂടെയാണ് കുട്ടി പുറത്തേക്ക് വീണത്. പരിക്കേറ്റ കുട്ടിയെ സ്‌കൂൾ അധികൃതർ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് കുടുംബം ആരോപിച്ചു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ സ്‌കൂൾ ബസ് പിടിച്ചെടുത്ത പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.

ആലുവ പെങ്ങാട്ടുശ്ശേരിയിലെ അൽഹിദ് പബ്ലിക് സ്‌കൂളിലെ എൽകെജി വിദ്യാർത്ഥിനിയാണ് ഫൈസ. ഇന്നലെ വൈകീട്ട് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. ഓടിക്കൊണ്ടിരിക്ക ബസിന്റെ എമർജെൻസി വാതിൽ പൊടുന്നനെ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. നാട്ടുകാർ സമയോജിതമായി ഇടപെട്ട് ബസ് നിർത്തിച്ചതിനാൽ ദുരന്തം വഴിമാറി.

വീണതിന്റെ ഞെട്ടലിൽ കുട്ടി മലമൂത്ര വിസർജനം നടത്തി. വിദ്യർത്ഥിനിയുടെ നടുവിന് പരിക്കേറ്റു, ശരീരമാസകലം ചതവുമുണ്ട്. എന്നാൽ പരിക്കേറ്റ കുട്ടിയെ സ്‌കൂൾ അധികൃതർ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല, പകരം ബസിലെ കുട്ടികളെ വീടുകളിൽ ഇറക്കുന്ന മുറയ്ക്ക് പരിക്കേറ്റ കുട്ടിയെയും വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ബസിന്റെ എമർജെൻസി വാതിലിന്റെ പ്രവർത്തനം സ്‌കൂൾ അധികൃതർ പരിശോധിച്ചിരുന്നില്ല എന്ന് ആരോപണമുണ്ട്.

എമർജെൻസി വാതിലിന്റെ ഹാൻഡിന് കവചമായുള്ള ചില്ല് പൊട്ടിയിരുന്നുന്നെന്നും കാർഡ് ബോർഡ് വച്ചാണ് ഹാൻഡിൽ മറച്ചിരുന്നതെന്നും ആരോപിക്കുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് ഡ്രൈവർ എടത്തല സ്വദേശി ഷെമീറനെ അറസ്റ്റ് ചെയ്തു. സ്‌കൂൾ ബസും പിടിച്ചെടുത്തു. വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് സ്‌കൂൾ അധികൃതർ.