ബേപ്പൂർ: ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ബേപ്പൂർ ജലോത്സവത്തിനിടെ ചാലിയാറിൽ വള്ളം മറിഞ്ഞു. മത്സരത്തിൽ പങ്കെടുത്ത എകെജി മയിച്ച എന്ന വള്ളമാണ് മറിഞ്ഞത്. ലൂസേഴ്‌സ് ഫൈനൽ മത്സരം നടക്കുന്നതിനിടെയായിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന 25 പേരെയും രക്ഷപ്പെടുത്തി.

വള്ളംകളി മത്സരത്തിന്റെ ഫിനിഷിങ് പോയിന്റ് കടന്ന ശേഷമാണ് വള്ളം മറിഞ്ഞത്. എ.കെ.ജി മയിച്ചയുടെ ചുരുളൻ വള്ളമാണ് മറിഞ്ഞത്. എന്നാൽ അപകടം മത്സര നടത്തിപ്പിനെ ബാധിച്ചില്ല. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് മത്സരം നടത്തിയതെന്നത് വലിയ അപകടം ഒഴിവാക്കി. മത്സരം നടക്കുമ്പോൾ ചെറുവള്ളങ്ങളിലായി അഗ്‌നിശമനസേനാംഗങ്ങൾ ചാലിയാറിലുണ്ടായിരുന്നു. അപകടത്തിൽ ആരുടേയും പരിക്ക് ഗുരുതരമല്ല.

കോസ്റ്റു ഗാർഡും നാട്ടുകാരും ഉടൻ തന്നെ ബോട്ടുമായി എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. മൂന്നു വള്ളങ്ങളാണ് ലൂസേഴ്‌സ് ഫൈനലിൽ പങ്കെടുത്തത്. പത്ത് വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തതത്. മൂന്ന് ഹീറ്റ്സ് മത്സരങ്ങളും ലൂസേഴ്സ് ഫൈനലും നടത്തി.