തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം വിനയൻ സംവിധാനം ചെയ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി പത്തൊമ്പതാം നൂറ്റാണ്ട് പ്രദർശനം തുടരുകയാണ്. നടൻ സിജു വിത്സനെയും സംവിധായകൻ വിനയനെയും അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ വിനയന് ആശംസ അറിയിച്ച് കൊണ്ട് നടൻ ഹരീഷ് പേരടി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

'ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും...വിനയൻ സാർ ആശംസകൾ', എന്നാണ് ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചത്.

ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു മികച്ച പ്രകടനം തന്നെ കാഴ്ച വച്ചുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. കഥാപാത്രത്തോട് പൂർണമായും നീതി പുലർത്താൻ നടന് സാധിച്ചുവെന്നും അഭിപ്രായമുണ്ട്.

സെപ്റ്റംബർ 8നാണ് പത്തൊമ്പതാം നൂറ്റാണ്ട് തിയറ്ററുകളിൽ എത്തിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.