കാസർകോട്: കെ.എസ്.ആർ.ടി.സി. കണ്ടക്ടറെ ബസിൽനിന്ന് വലിച്ചിറക്കി സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചു. ബന്തടുക്കയിൽനിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിലെ കണ്ടക്ടർ ലിബിനാണ് മർദനമേറ്റത്. ബസ് റൂട്ടിന്റെ സമയത്തെച്ചൊല്ലിയുള്ള തർക്കത്തിന്റെ പേരിലാണ് ആക്രമിച്ചത്. ബന്തടുക്ക അഞ്ചാം മൈലിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാർ കെ.എസ്.ആർ.ടി.സി. കണ്ടക്ടറെ ബസിൽനിന്ന് പിടിച്ചിറക്കിയ ശേഷം റോഡരികിലിട്ട് മർദിക്കുകയായിരുന്നു. പരിക്കേറ്റ ലിബിൻ ബന്തടുക്ക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. സംഭവത്തിൽ കെ.എസ്.ആർ.ടി.സി. അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.