ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് 2,000 രൂപയ്ക്ക് മുകളിൽ സംഭാവന നൽകുന്നവരുടെ പേരുകൾ വെളിപ്പെടുത്തുന്ന തരത്തിൽ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിലവിൽ 20,000 രൂപ വരെയുള്ള സംഭാവനകളുടെ പേരുവിവരങ്ങൾ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിൽ വെളിപ്പെടുത്തേണ്ടതില്ല. ഈ പരിധി 2,000 രൂപയായി കുറയ്ക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം.

സംഭാവനകളുടെ ഉയർന്ന പരിധി 20 കോടിയായി നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളിൽ സുതാര്യത കൊണ്ടുവരാനാണ് കമ്മിഷന്റെ നീക്കം.

തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുന്ന റിപ്പോർട്ട് അനുസരിച്ച് പല പാർട്ടികളുടെയും സംഭാവന പട്ടിക ശൂന്യമാണ്. എന്നാൽ, ഓഡിറ്റ് അക്കൗണ്ടിൽ വലിയ തുക കാണുകയും ചെയ്യും. 20,000 രൂപയ്ക്ക് താഴെയുള്ള സംഭാവനകളായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കമ്മിഷൻ കണ്ടെത്തിയിരുന്നു.