കൊച്ചി: രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റാകണമെന്ന് എഐസിസി പ്രവർത്തകസമിതി അംഗം സച്ചിൻ പൈലറ്റ്. പല പിസിസികളും ഇതേ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ കോൺഗ്രസുകാർക്കും ഇതേ അഭിപ്രായമാണ്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൊച്ചിയിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനെത്തിയ സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

രാഹുലുമായി കൂടിക്കാഴ്ചയും നടത്തി. അശോക് ഗെലോട്ട് മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ആർക്കും മത്സരിക്കാൻ അവസരമുണ്ടെന്നും നാമനിർദ്ദേശം നൽകുന്നതനുസരിച്ച് പ്രതികരിക്കാമെന്നുമായിരുന്നു മറുപടി. ഗെലോട്ട് വ്യാഴാഴ്ച രാഹുലിനൊപ്പം പദയാത്രയിൽ പങ്കെടുക്കും.

ജോഡോ യാത്രയുടെ വിശ്രമദിവസമായ വെള്ളിയാഴ്ച രാഹുൽ ഗാന്ധി ഡൽഹിക്കുപോകുമെന്ന് സൂചിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. രാഹുൽ ഡൽഹിയിൽ പോകുന്നത് വിവാദമാക്കേണ്ടതില്ലെന്നും വാർത്താസമ്മേളനത്തിൽ ജയ്റാം രമേശ് പറഞ്ഞു.