തിരുവല്ല: സ്‌കൂൾ ഹോസ്റ്റലിൽ 12 വയസ്സുകാരനെ സീനിയർ വിദ്യാർത്ഥികൾ പീഡിപ്പിച്ചതായി പരാതി. തിരുവല്ലയിലെ പ്രസിദ്ധമായ ഒരു സ്‌കൂളിലാണ് സംഭവം. ഏഴാം ക്ലാസ്സുകാരനായ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ഹോസ്റ്റൽ റൂമിലിട്ട് പീഡിപ്പിച്ചെന്നാണ് പരാതി 10-ാം ക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേരാണ് പീഡിപ്പിച്ചതെന്ന് കുട്ടി പൊലീസിൽ മൊഴി നൽകി. എല്ലാവരും ഹോസ്റ്റലിലെ താമസക്കാരാണ്.

ഓണാവധിക്ക് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അമ്മയുടെ അനുജത്തിയോടാണ് പീഡനവിവരം വിദ്യാർത്ഥി പറയുന്നത്. സ്‌കൂൾ തുറക്കുമ്പോൾ തിരിച്ച് ഹോസ്റ്റലിലേക്ക് അയയ്ക്കരുതെന്ന് വിദ്യാർത്ഥി അമ്മയോട് ആവശ്യപ്പെട്ടു. കുട്ടിയുടെ ദേഹത്ത് അസ്വാഭാവികമായ പാടുകളും മറ്റും രക്ഷിതാക്കൾ കാണുകയും ചെയ്തു.

ബുധനാഴ്ച തിരുവല്ല ഡിവൈ.എസ്‌പി.ക്ക് പരാതി നൽകി. പ്രതികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ടുവാങ്ങി തുടർനടപടി സ്വീകരിക്കുമെന്ന് ഡിവൈ.എസ്‌പി. ടി.രാജപ്പൻ പറഞ്ഞു.