കൊച്ചി: ഇൻസ്റ്റഗ്രാമിൽ പേരന്റൽ സൂപ്പർവിഷൻ ടൂൾസുമായി ഫേസ്‌ബുക്ക് ഇന്ത്യ (മെറ്റ). രാജ്യത്ത് കൗമാരക്കാർക്കിടയിൽ സൈബർ സുരക്ഷ ശക്തമാക്കാനുള്ള നടപടികളുമായയാണ് ഇത്. പേരന്റൽ സൂപ്പർവിഷൻ ടൂൾസിനു പുറമേ ഫാമിലി സെന്ററും അവതരിപ്പിക്കും. കൗമാരക്കാരുടെ ഓൺലൈൻ പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്കു കൂടുതൽ നിരീക്ഷണങ്ങളും ഇടപെടലുകളും നടത്താൻ കഴിയുന്നതാണ് പേരന്റൽ സൂപ്പർവിഷൻ ടൂളുകൾ.

രക്ഷിതാക്കളുടെയും യുവജനങ്ങളുടെയും ആവശ്യങ്ങൾ മനസ്സിലാക്കാൻ ഇന്ത്യയിലെ സൈബർ വിദഗ്ദ്ധർ, രക്ഷിതാക്കൾ, യുവാക്കൾ തുടങ്ങിയവരുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ് തങ്ങളെന്ന് ഫേസ്‌ബുക്ക് ഇന്ത്യ (മെറ്റ) ഇൻസ്റ്റഗ്രാം പബ്ലിക് പോളിസി മേധാവി നതാഷ ജോഗ് പറഞ്ഞു. കൊച്ചിയിൽ പേരന്റൽ ടൂൾസിന്റെ അവതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. സൂപ്പർവിഷൻ ടൂളുകളുടെ അവതരണത്തോടെ ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ രക്ഷിതാക്കളും യുവജനങ്ങളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ എളുപ്പമാകുമെന്നു നതാഷ പറഞ്ഞു.

ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളുള്ള കുട്ടികളെയും രക്ഷിതാക്കളെയും സഹായിക്കുന്നതിനായി മെറ്റ അടുത്തിടെ റാറ്റി ഫൗണ്ടേഷനുമായി സഹകരിച്ച് മേരി ട്രസ്റ്റ് ലൈൻ എന്ന സംരംഭം തുടങ്ങിയിരുന്നു. സൈബർ ബുള്ളിയിങ്, ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയലുകൾ തുടങ്ങിയ ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ അനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പിന്തുണ നൽകുന്നതിനുള്ള ആദ്യത്തെ ഹെൽപ്പ് ലൈനാണിത്. യുവാക്കൾക്കും കൗമാരക്കാർക്കും ഡിജിറ്റൽ സാക്ഷരതാ പരിശീലനം നൽകുന്നതിനായി രാജ്യത്തുടനീളമുള്ള നിയമ സംവിധാനങ്ങളുമായി സഹകരിച്ച് വി തിങ്ക് ഡിജിറ്റൽ സംരംഭവും മെറ്റ നടപ്പാക്കുന്നുണ്ടെന്ന് നതാഷ പറഞ്ഞു.