ആലപ്പുഴ: റബ്ബർമേഖലയിൽ ആശങ്ക പരത്തി വില ഇടിവ്. അന്താരാഷ്ട്രവിപണിയിൽ അപ്രതീക്ഷിതമായി വിലകുറഞ്ഞതാണ് ഇതിന് കാരണം. ബാങ്കോക്കിൽ ബുധനാഴ്ച ആർ.എസ്.എസ്.-3 ഇനത്തിന് 6.17 രൂപയാണ് കുറഞ്ഞത്. ജൂലായിൽ 180 രൂപയോളമെത്തിയിട്ടാണ് ക്രമേണ വില താഴ്ന്നത്. കഴിഞ്ഞയാഴ്ച 150-നും താഴെയെത്തിയശേഷം അല്പം മെച്ചപ്പെടുമ്പോഴാണ് ബാങ്കോക്ക് വിപണിയിലെ അപ്രതീക്ഷിത തകർച്ച.

കോട്ടയം വിപണിയിൽ ബുധനാഴ്ച ബാങ്കോക്ക് വിപണിക്കു തുല്യമായ ആർ.എസ്.എസ്.-4 ഇനത്തിന് 153.50 രൂപയായിരുന്നു. ബാങ്കോക്കിൽ 131.18 രൂപയായാണ് കുറഞ്ഞത്. യൂറോപ്പ് പൊതുവേ മാന്ദ്യത്തിലേക്കു പോകുന്നതാണ് വില കുറയാൻ കാണം. ഇതു കച്ചവടം കുറച്ചിട്ടുണ്ട്. സീറോ കോവിഡ് നയത്തിന്റെ ഭാഗമായി ചൈനയിലെ ഷാങ്ഹായിൽ നടപ്പാക്കിയ കർശന നിയന്ത്രണം ക്രയവിക്രയം കുറച്ചു. റബ്ബറിന്റെ പ്രധാന വിപണികളിലൊന്നാണ് ഷാങ്ഹായി.

ഡോളറിനെതിരേ എല്ലാ കറൻസികൾക്കുമുണ്ടായ മൂല്യത്തകർച്ചയും വിപണിയെ ബാധിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ പ്രധാന റബ്ബറുത്പാദക രാജ്യങ്ങളിലെല്ലാം പീക്ക് സീസണാണ്. ഇതു ലഭ്യത കൂട്ടി. അതനുസരിച്ച് ഡിമാൻഡില്ലെന്നതാണ് വസ്തുത.