കൊച്ചി: ലൈംഗികാരോപണക്കേസിൽപ്പെട്ട പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ നാല് ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഡിവൈഎഫ്എ. ഡിവൈഎഫ്ഐ പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയാണ് വ്യത്യസ്ത സമരവുമായി രംഗത്തെത്തിയത്. കാണാനില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് പിഎ അഷ്‌കറാണ് പൊലീസിൽ പരാതി നൽകിയത്. പരാതിക്ക് പെരുമ്പാവൂർ പൊലീസ് റെസീപ്റ്റ് നൽകിയിട്ടുണ്ട്. നാളെ പെരുമ്പാവൂരിൽ 'പ്രതീകാത്മക തിരയലും' ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്നുണ്ട്.

മണ്ഡലത്തിലെ ജനപ്രതിനിധയായ എൽദോസ് പി. കുന്നപ്പള്ളിയെ കാണാനില്ല. എംഎൽഎ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. ഫോണും സ്വിച്ച് ഓഫാണ്. അതിനാൽ താനുൾപ്പെടെ മണ്ഡലത്തിലുള്ള പൊതുജനങ്ങൾക്ക് എംഎൽഎയുമായി ബന്ധപ്പെട്ട് നടത്തേണ്ട ആവശ്യങ്ങൾ സാധിക്കുന്നില്ലെന്നും എംഎൽഎയെ കണ്ടെത്തി നൽകണമെന്നുമാണ് പരാതിയിൽ പറയുന്നത്.