തിരുവനന്തപുരം: ഭരണഘടനയെയും ജനാധിപത്യത്തെയും വെല്ലുവിളിച്ച് മുന്നോട്ടുപോകുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. സർക്കാറിനെയും മന്ത്രിമാരെയും തീരുമാനിക്കാനോ മാറ്റാനോ തനിക്ക് അധികാരമുണ്ടെന്ന് ചിന്തിക്കുന്ന ഗവർണർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. ഗവർണറുടെ വൈസ്രോയ് കളി കേരളത്തിൽ നടക്കില്ല. ഇല്ലാത്ത അധികാരം ഉണ്ടെന്ന് വീമ്പ് പറയുന്ന ഗവർണർ സ്വന്തം സ്ഥാനത്തിന്റെ അന്തസ് കാത്ത് സൂക്ഷിക്കണമെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.കേവലം അമിതാധികാര പ്രയോഗവും അസഹിഷ്ണുതയും രാഷ്ട്രീയ പകപോക്കലുമായി താഴ്ന്നിരിക്കുകയാണ് ഗവർണറുടെ നിലപാടുകൾ. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഇത്തരം പ്രസ്താവനകൾ പുറപ്പെടുവിക്കുന്ന ഗവർണറെ തിരിച്ച് വിളിച്ച് ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തി പിടിക്കാൻ രാഷ്ട്രപതി ഇടപെടണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐ പ്രസ്താവന:

ഇന്ത്യൻ ഭരണഘടനയോടും ജനാധിപത്യത്തിനോടും ഉള്ള വെല്ലുവിളികളുമായി മുന്നോട്ട് പോവുകയാണ് കേരള ഗവർണ്ണർ. അതിന്റെ തുടർച്ചയാണ് തന്നെ വിമർശിക്കുന്ന മന്ത്രിമാരെ പദവിയിൽ നിന്നും പുറത്താക്കുമെന്ന ഗവർണറുടെ പുതിയ പ്രസ്താവന.രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ജനാധിപത്യവും ജനങ്ങളും ആണ് ഏറ്റവും ഉയർന്ന അധികാരികൾ ആ നിലക്ക് ജനങ്ങൾ തെരഞ്ഞെടുക്കുന്ന അവരുടെ പ്രതിനിധികൾ ആണ് ഒരു ഗവൺമെന്റ് ആ സർക്കാറിനെയും അതിലെ മന്ത്രിമാരെയും തീരുമാനിക്കാനോ മാറ്റാനോ തനിക്ക് അധികാരം ഉണ്ടെന്ന് ചിന്തിക്കുന്ന ഗവർണ്ണർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. മന്ത്രിമാരെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നിയമിക്കുക എന്ന കേവലാചാരം പോലെയുള്ള ഒരു പരിമിതാധികരമേ ഗവർണർക്കുള്ളൂ.തനിക്ക് ഇല്ലാത്ത അധികാരം ഉണ്ടെന്ന് വീമ്പ് പറയുന്ന ഗവർണർ സ്വന്തം സ്ഥാനത്തിന്റെ അന്തസ് കാത്ത് സൂക്ഷിക്കണം. ഗവർണ്ണറുടെ വൈസ്രോയ് കളി കേരളത്തിൽ നടക്കില്ല. കേവലം അമിതാധികാര പ്രയോഗവും അസഹിഷ്ണുതയും രാഷ്ട്രീയ പകപോക്കലുമായി താഴ്ന്നിരിക്കുകയാണ് കേരള ഗവർണറുടെ നിലപാടുകൾ. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഇത്തരം പ്രസ്താവനകൾ പുറപ്പെടുവിക്കുന്ന ഗവർണറെ തിരിച്ച് വിളിച്ച് രാജ്യത്തെ ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തി പിടിക്കാൻ രാഷ്ട്രപതി ഇടപെടണം.