കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ട് കേസുകളിലായി മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. കോഴിക്കോട് നഗരത്തിൽ ചില്ലറ വില്പനക്കായി എം.ഡി.എം.എ എത്തിച്ചുകൊടുക്കുന്ന യുവാവായ കോഴിക്കോട് താലൂക്കിൽ ചെറുവണ്ണൂർ വില്ലേജിൽ നല്ലളം ദേശത്ത് തെക്കേ പാടം എന്ന സ്ഥലത്ത് സി.കെ.ഹൗസിൽ ഷാക്കിൽ(29) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 14 ഗ്രാം എം.ഡി.എം.എ എക്‌സൈസ് കണ്ടെത്തി.

എം.ഡി.എം.എയുമായി കോഴിക്കോട് കൊളത്തറയിൽ വച്ചാണ് ഷാക്കിറിനെ അറസ്റ്റ് ചെയ്തത്. 10 വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കുന്ന കമേഴ്സ്യൽ ക്വാണ്ടിറ്റി കേസാണിത്. ഇയാളെ കോഴിക്കോട് ജെഎഫ്സി കോടതി അഞ്ചിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പിടിച്ചെടുത്ത എം.ഡി.എം.എയ്ക്ക് വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വിലവരും.

കോഴിക്കോട് നഗരത്തിൽ ഉത്തരമേഖല എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് മേധാവി കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത് ബാബുവിന്റെയും ഇന്റിലിജൻസ് ഇൻസ്പെക്ടർ പ്രജിത്തിന്റെയും നേത്യത്വത്തിൽ കോഴിക്കോട് എക്സൈസ് സർക്കിൾ പാർട്ടി, ഉത്തരമേഖല എക്സൈസ് സ്‌ക്വാഡ് എന്നിവരുടെ നേത്യത്വത്തിൽ ആണ് മിന്നൽ പരിശോധന നടത്തിയത്.

കോഴിക്കോട് നഗരത്തിൽ ഇരുചക്ര വാഹനത്തിൽ ലഹരി വില്പന നടത്തുന്ന യുവാവിനെയാണ് മറ്റൊരു കേസിൽ പിടികൂടിയത്. കോഴിക്കോട് താലൂക്കിൽ പുതിയങ്ങാടി വില്ലേജിൽ പുത്തൂർ ദേശത്ത് ഗിൽഗാൻ ഹൗസിൽ നൈജൽ റികസ്(29)എന്നയാളാണ് 70 ഗ്രാം ഹാഷിഷുമായി അറസ്റ്റിലായത്. മാവൂർ റോഡിൽ അമൃത ബിയർ പാർലർ എന്ന സ്ഥാപനത്തിന്റെ സമീപം വച്ചാണ് പ്രതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. പ്രതി മയക്കുമരുന്ന് വില്പനക്കായി ഉപയോഗിക്കുന്ന ബുള്ളറ്റും കസ്റ്റഡിയിലെടുത്തു. ഇയാളെ ജെഎഫ്സി കോടതി(3) മുമ്പാക ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതിയുടെ പേരിൽ മുൻപും മയക്ക് മരുന്ന് കേസ് ഉണ്ടായിരുന്നതായി എക്സൈസ്. പിടിച്ചെടുത്ത ഹാഷിഷിന് വിപണിയിൽ അരലത്തോളം രൂപ വില വരും. സംഭവത്തിൽ എക്സൈസ് സൈബർ സെല്ലിന്റെ സഹകരണ അന്വേഷണം നടത്തിവരുന്നുണ്ട്. ഉത്തരമേഖല എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ എക്സ്‌ക്ലൂസിവ് ക്ലബ്ബിന് സമീപം വെച്ച് വെള്ളിയാഴ്ച കൊളത്തറ സ്വദേശി അജുൽ ഹർഹാൻ, ചെറുവണ്ണൂർ സ്വദേശി മുഹമ്മദ് ഷഹീൽ എന്നിവരെ 2.5 ഗ്രാം എം.ഡി.എം.എ യുമായി ഹുണ്ടായി കാർ സഹിതം അറസ്റ്റ് ചെയ്തിരുന്നു.