ഇടുക്കി: മാങ്കുളം ആനക്കുളത്ത് പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നാട്ടുകാർ ഭീതിയിൽ. ഇന്ന് രാവിലെയാണ് വിവരം പ്രചരിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നാല് പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വിവിവരം. പുലി കുഞ്ഞിന്റെതെന്ന് തോന്നിക്കുന്ന ഒരു ഫോട്ടോയും കുറിപ്പിനൊപ്പം പ്രചരിച്ചിരുന്നു.

വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വിശദമായ പരിശോധനയിൽ ഇത് പൂച്ച പുലിയുടെ കുഞ്ഞുങ്ങളാണെന്നാണ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്ന വിവരം. എന്നാൽ ഇത് മുഖ വിലയ്‌ക്കെടുക്കാൻ നാട്ടുകാരിൽ ഭൂരിപക്ഷം പേരും തയ്യാറായിട്ടില്ല.

അടുത്തിടെ സമീപത്തെ ആദിവാസി കോളനി നിവാസിയായ ഗോപാലനെ പുലി ആക്രമിച്ചിരുന്നു. ഗോപാലന്റെ പ്രതിരോധത്തിനിടെ പുലിചത്തു. സംഭവം വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.