കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതോടെ ജലനിരപ്പ് 136 അടി പിന്നിട്ടു. ജലനിരപ്പ് ഉയർന്നതോടെ തമിഴ്‌നാട് ആദ്യമുന്നറിയിപ്പ് നൽകി. സ്പിൽവേ ഷട്ടറിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെയാണ് മുന്നറിയിപ്പ് സന്ദേശം ജില്ലാഭരണകൂടത്തിന് നൽകിയത്. നിലവിലെ അണക്കെട്ടിലെ റൂൾ കർവ് 139.05 അടിയാണ് അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നിലവിലെ ജലനിരപ്പ് താഴ്ന്നാണ് നിൽക്കുന്നത്.

സെക്കൻഡിൽ 2274 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോൾ 524 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നു. പെരിയാർ തീരത്ത് ആശങ്കയ്ക്കുള്ള സാഹചര്യമില്ല. കഴിഞ്ഞവർഷം ഈ സമയത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി ആയിരുന്നു. നിലവിൽ 2244.44 ഘനയടി വെള്ളമാണ് സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ശേഖരിക്കപ്പെടുന്നുണ്ടെങ്കിലും റൂൾ കർവ്വ് 139 അടി ആയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല

മഴ മാറിനിൽക്കുന്ന തമിഴ്‌നാട്ടിൽ, മുല്ലപ്പെരിയാറിലെ വെള്ളം ശേഖരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.9 അടിയായി. 71 അടിയാണ് വൈഗയുടെ സംഭരണ ശേഷി. കഴിഞ്ഞമാസങ്ങളിൽ തമിഴ്‌നാട്ടിൽ ലഭിച്ച അധിക മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. നിലവിൽ സെക്കൻഡിൽ ആയിരം ഘനയടിയിൽ അധികം വെള്ളം വൈഗയിലേയ്ക്ക് ഒഴുകി എത്തുമ്പോൾ സെക്കൻഡിൽ 1250 ഘനയടി വെള്ളമാണ് വൈഗയിൽനിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്നത്. റൂൾ കെർവ് പ്രകാരം നവംബർ 20 വരെ 140 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാൻ കഴിയും.

142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി അനുവദനീയമായ സംഭരണശേഷി. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഏറ്റവും ഒടുവിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത് അന്ന് 137 അടി റൂൾ പിന്നിട്ട സാഹചര്യത്തിലായിരുന്നു അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയത്.