കണ്ണൂർ: തോട്ടട എസ്. എൻ കോളേജിലേക്ക് മാർച്ച് നടത്തിയ കെ. എസ്.യുക്കാർക്ക് മർദ്ദനമേറ്റു. കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കണ്ണൂർ എസ് എൻ കോളേജിലെ നാമനിർദ്ദേശ പത്രികകൾ കീറിയെറിഞ്ഞ എസ് എഫ് ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന പ്രിൻസിപ്പലിന്റെയും ഇടതുപക്ഷ അദ്ധ്യാപകരുടെയും നടപടിയിൽ പ്രതിഷേധിച്ചായിരുന്നു കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ച മാർച്ച്. മാർച്ച് കഴിഞ്ഞ് പോകുന്ന പ്രവർത്തകരെ എസ് എഫ് ഐ ജില്ലാ ഏരിയ കമ്മിറ്റിയുടെ ഭാരവാഹികളുടെ നേതൃത്വത്തിൽ ആക്രമിച്ചുവെന്നാണ് പരാതി. അക്രമത്തിൽ പരിക്കേറ്റ കെ എസ് യു പ്രവർത്തകരായ സൗരവ്, ഹരികൃഷ്ണൻ, ദേവ കുമാർ, അലോക്, പ്രകീർത്ത് എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എൻ കോളേജിലെ നോമിനേഷൻ പേപ്പറുകൾ കീറിയെറിയുകയും ജനാധിത്യപരമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയും ചെയ്ത എസ്.എഫ്.ഐ കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വ്യാഴാഴ്‌ച്ച രാവിലെ പ്രതിഷേധമാർച്ച് നടത്തിയത്. കോളേജുകളിൽ അക്രമം കാണിക്കുകയും തങ്ങളുടെ നോമിനേഷൻ പേപ്പറുകൾ തള്ളപ്പെടുമ്പോൾ മുഴുവൻ നോമിനേഷൻ പേപ്പറും കീറി നശിപ്പിച്ച് ജനാധിപത്യ പ്രക്രിയ തന്നെ ഇല്ലാതാക്കുന്ന എസ്.എഫ്.ഐ യുടെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നു മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടു ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് പറഞ്ഞു.

കണ്ണൂരിലെ ആറു ക്യാമ്പസുകളിൽ എസ്.എഫ്.ഐ ഇത്തരത്തിലുള്ള ഫാസിസ്റ്റ് സമീപനം സ്വീകരിച്ചിട്ടുണ്ട്. പയ്യന്നൂർ കോളേജിൽ മൂന്നുവർഷം മുമ്പ് തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ബാലറ്റ് പേപ്പർ പോലും നശിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട് എസ് എൻ കോളേ ൽ ഇത്തവണ ഉണ്ടായ സംഭവത്തിന് കൃത്യമായി തെളിവുണ്ടായിട്ടും. കുറ്റക്കാർക്കെതിരെ മാതൃകാപരവും ഗൗരവമായും നടപടി എടുക്കാതെ, രാഷ്ട്രീയം നോക്കി അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു കൊണ്ട് ഇടതുപക്ഷ അദ്ധ്യാപക സംഘടനപ്രതിനിധികൾ മാത്രം ഉള്ള അന്വേഷണ കമ്മിഷൻ രൂപീകരിക്കുകയും ചെയ്താണ് കുറ്റക്കാരായ എസ്എഫ്ഐ വിദ്യാർത്ഥികളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടിലേക്ക് കോളേജ് എത്തിച്ചേർന്നത്.

കോളേജുകളിൽ വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണം കൂടി നടക്കേണ്ടിടത് കുറ്റക്കാരായ ക്രിമിനലുകളായ വിദ്യാർത്ഥികളെ രാഷ്ട്രീയം നോക്കി സംരക്ഷിക്കുന്ന നിലപാടുകൾ അദ്ധ്യാപകർ സ്വീകരിക്കുന്നത് സമൂഹത്തിന് ആകെ തന്നെ ഭീഷണിയാണ്. തോൽക്കുമ്പോൾ നേമിഷൻ കീറി എറിയാൻ പഠിപ്പിക്കുന്ന ജനാധിപത്യവിരുദ്ധത എസ്എഫ്ഐ അവസാനിപ്പിക്കണമെന്ന് സുദീപ് ജയിംസ് പറഞ്ഞു. .ഇടതുപക്ഷ അദ്ധ്യാപകരുടെ മുൻതൂക്കമുള്ള കോളേജ് കൗൺസിലിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് അനുകൂലമായി റിപ്പോർട്ട് നൽകി അവരെ കോളേജിൽ തിരിച്ചെടുക്കുന്ന സമീപനമാണ് അദ്ധ്യാപകർ മുന്നോട്ട് വെയ്ക്കുന്നത്.

കോളേജിലെ ഔദ്യോഗിക രേഖകളും പൊതുമുതലുകളും നശിപ്പിക്കുന്ന തെളിവുകൾ ഉണ്ടായിട്ട് പോലും കോളേജ് അച്ചടക്കസമിതിയിൽ മാതൃകപരമായ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് കെ എസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജിലേക്ക് മാർച്ച് നടത്തിയത്. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ ആദർശ് മാങ്ങാട്ടിടം, അൻസിൽ വാഴപ്പള്ളിൽ,ഹരികൃഷ്ണൻ പാളാട്, മുഹമ്മദ് റാഹിബ്, ആഷിത്ത് അശോകൻ,ആകാശ് ഭാസ്‌കരൻ, അലക്സ് ബെന്നി, എബിൻ കേളകം, അതുൽ എം സി,സായന്ത് കൂത്തുപറമ്പ്,ആദർശ് ജി കെ, ആലേഖ് കാടാച്ചിറ, കാവ്യ കെ, അനഘ,അഭിജിത്ത് കാപ്പാട് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.