കോഴിക്കോട്: തീവണ്ടിക്ക് നേരെ കല്ലേറ് നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു. നവംബർ 30 ന് രാത്രി വെസ്റ്റ് ഹിൽ - എലത്തൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വെച്ച് തിരുവനന്തപുരം - നിസാമുദീൻ സൂപ്പർ ഫാസ്റ്റ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ കോഴിക്കോട് പുതിയങ്ങാട് നടുവിലകം വീട്ടിൽ ജനീസ് ടി കെ , വെസ്റ്റ് ഹിൽ അത്താണിക്കൽ നാരങ്ങാളി പറമ്പ് റീന നിവാസിൽ സുദർശ് എന്നിവരെയാണ് കോഴിക്കോട് ആർപിഎഫ് ഇൻസ്‌പെക്ടർ ഉപേന്ദ്രകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

പ്രതികളെ കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. മുമ്പും പലതവണ ഇവർ ഇതേ സ്ഥലത്ത് വെച്ച് ട്രെയിനുകൾക്ക് നേരെ കല്ലേറ് നടത്തിയിട്ടുണ്ട്. റെയിൽവേ ട്രാക്കിനരികിൽ എത്തുന്ന മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പ്രതികൾക്കെതിരെ മയക്കുമരുന്ന്, പിടിച്ചു പറി കേസുകൾ നിലവിലുള്ളതായി അറിവ് ലഭിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ദീർഘകാലം കഠിന തടവ് ലഭിച്ചേക്കാവുന്ന തരത്തിലുള്ള റയിൽവേ ആക്ടിലെ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അനധികൃതമായി റെയിൽവേ പരിസരങ്ങളിൽ പ്രവേശിച്ച് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആർ പി എഫ് ഇൻസ്‌പെക്ടർ ഉപേന്ദ്രകുമാർ അറിയിച്ചു.