കോഴിക്കോട്: കച്ചവടത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മിഠായിത്തെരുവിലെ വ്യാപാരിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പിടിയിൽ. ഇരിങ്ങലൂർ സ്വദേശി അർഷാദ് ബാബു (41), നല്ലളം ഉള്ളിശ്ശേരിക്കുന്ന് ഷാഹുൽ ഹമീദ്(40), കിണാശ്ശേരി വാകേരിപറമ്പ് റാഷിദ് (46), കിണാശ്ശേരി ചെരണം കുളം പറമ്പ് അബ്ദുൽ മനാഫ് (42), മാത്തോട്ടം വാഴച്ചാൽ വയൽ അബ്ദുൽ അസീസ് (38) എന്നിവരെയാണ് സിറ്റി സ്‌പെഷൽ ആക്ഷൻ ഗ്രൂപ്പും ടൗൺ എസ് ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കേസിലുൾപ്പെട്ട മാത്തോട്ടം സ്വദേശി ഫൈസലിനെ പിടികൂടിയിരുന്നു. ഒരു മാസത്തോളമായി കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. കേരള- തമിഴ് നാട് അതിർത്തിയിൽ ആനക്കട്ടി എന്ന സ്ഥലത്ത് വനപ്രദേശത്ത് ഒളിവിൽ കഴിയുന്നുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം ഇവിടെയെത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. ആനയിറങ്ങുന്ന പ്രദേശമായതിനാൽ രാത്രി തിരച്ചിൽ നിർത്തുകയായിരുന്നു. പിറ്റേന്ന് അന്വേഷണം തുടർന്നപ്പോൾ കോയമ്പത്തൂരിൽ നിന്നും ഈറോഡ് ഭാഗത്തേക്ക് സഞ്ചരിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പൊലിസ് 40 കിലോമീറ്റോളം പിന്തുടർന്ന് ശരവണപ്പെട്ടി എന്ന സ്ഥലത്ത് വച്ച് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു.

നവംബർ 11നാണ് കേസിനാസ്പദമായ സംഭവം. വ്യാപാരതർക്കത്തെ തുടർന്ന് ടൗൺ സ്റ്റേഷനിൽ പരാതി നൽകി വരികയായിരുന്ന വ്യാപാരിയെ അർഷാദ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം മർദിക്കുകയും ആയുധം ഉപയോഗിച്ച് കുത്തുകയുമായിരുന്നു. പൊലിസ് പിടികൂടുമെന്ന് ഭയന്ന് ഇവർ സ്ഥിരമായി ഒരു സ്ഥലത്ത് തങ്ങാറില്ലായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും പുറത്തിറങ്ങാതെയും മൊബൈൽ ഫോൺ ഒഴിവാക്കിയുമാണ് ഇവർ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞത്. അന്വേഷണ സംഘത്തിൽ സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്‌പെക്ടർ ഒ മോഹൻദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സിപിഒമാരായ സുമേഷ് ആറോളി, രാകേഷ് ചൈതന്യം, അർജുൻ എ കെ, ടൗൺ സ്റ്റേഷൻ എഎസ് ഐമാരായ ഷബീർ, രാജൻ, സുനിത സീനിയർ സിപിഒ സജേഷ് കുമാർ പി, രമേശൻ, സി പി ഒ അനൂജ് എ, വനിത സിപിഒ സുജന എന്നിവരാണ് ഉണ്ടായിരുന്നത്.