കോഴിക്കോട്: മാവൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ ഒരു അതിഥി തൊഴിലാളിയടക്കംആറ് പേർക്ക് കടിയേറ്റു. മാവൂർ അങ്ങാടിയോട് ചേർന്ന ഭാഗങ്ങളിലുള്ളവർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്‌ച്ച വൈകീട്ട് ആറരയോടെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.

വീടിന് പുറത്ത് നിൽക്കുകയായിരുന്ന തെനപറമ്പിൽ ബീപാത്തു (80)വിനാണ് ആദ്യം കടിയേറ്റത്. ഓടിയെത്തിയ നായ ഇവരെ കടിക്കുകയായിരുന്നു.
രണ്ട് കാലുകൾക്കും കൈകൾക്കും കടിയേറ്റു. ഇവരുടെ നിലവിളി കേട്ടെത്തിയ മകൻ മൺസൂറിനു നേരെയും നായ കുരച്ചു ചാടി . പിന്നീട് പരിസരവാസികൾ കൂടി ഓടിയെത്തിയതോടെ നായ ഓടിപ്പോയി.

തുടർന്ന് ഇതേ നായ മാവൂരിലെ വിവിധയിടങ്ങളിലുണ്ടായിരുന്ന സുഗീഷ് മേച്ചേരികുന്ന് (25), ബാലൻ കച്ചേരികുന്ന് (50), മുജീബ് റഹ്മാൻ എഴുനിലത്ത് (37)
അതിഥി തൊഴിലാളി എന്നിവരെയും കടിച്ചു. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടി. നാട്ടുകാർ എറെ തിരഞ്ഞെങ്കിലും നായയെ പിന്നീട് കണ്ടെത്താനായില്ല.

അക്രമകാരിയായ നായയെ ഇന്ന് വൈകീട്ട് നാട്ടുകാർ അടിച്ചു കൊന്നു. മാവൂർ പഴയ സിനിമാ തിയേറ്ററിനടുത്തു കൂടെ നടന്നു പോകുകയായിരുന്ന പാറമ്മൽ സ്വദേശി ഫൈസൽ നെച്ചായിൽ എന്നയാളെ ഇന്ന് വൈകീട്ട് നായ കടിച്ച് പരിക്കേൽപ്പിച്ചു. ആളുകൾക്കെതിരെ കുരച്ചു ചാടി ഭീതി പരത്തിയ നായയെ ഒടുവിൽ നാട്ടുകാർ അടിച്ചു കൊല്ലുകയായിരുന്നു.