വിവാഹത്തിന് അച്ഛനമ്മമാർ മക്കളെ സ്വർണ്ണത്തിൽ പൊതിഞ്ഞ് അവരാൽ കഴിയും വിധം സമ്മാനങ്ങളെല്ലാം നൽകിയാണ് ഭർതൃവീട്ടിലേക്ക് അയക്കാറ്. സ്വർണവും പണവും ആഡംബരക്കാറുമെല്ലാമാണ് പൊതുവേ പെൺമക്കൾക്ക് വിവാഹത്തിന് നൽകാറ്. എന്നാൽ വ്യത്യസ്തമായ ഒരു സമ്മാനം നൽകി വിവാഹ വേദിയിലെത്തിയ അതിഥികളെ എല്ലാം ഞെട്ടിച്ചിരിക്കുകയാണ് ഒരു പിതാവ്.

അത്രമേൽ കൗതുകമുള്ളൊരു വിവാഹസമ്മാനമാണ് ഉത്തർപ്രദേശിലെ ഒരു വിവാഹവേദിയിൽ പിതാവ് മകൾക്ക് കൈമാറിയത്. ബുൾഡോസർ ആണ് ആ പിതാവ് മകൾക്ക് സമ്മാനമായി നൽകിയത്. സൗങ്കർ സ്വദേശിയായ വിമുക്തഭടൻ പരശുറാം പ്രജാപതിയാണ് മകൾ നേഹയ്ക്ക് വ്യത്യസ്തമായ സമ്മാനം നൽകിയത്.

ആഡംബരക്കാറുകൾക്കുപകരം സമ്മാനമായി എന്താണ് ബുൾഡോസർ നൽകിയതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് വ്യക്തമായ ഉത്തരവുമുണ്ട്. യു.പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മകൾ പരീക്ഷയിൽ തോറ്റാൽ ബുൾഡോസർ ഉപയോഗിച്ച് ഉപജീവനമാർഗം കണ്ടെത്താനാവുമെന്നാണ് ഈ പിതാവ് പറയുന്നത്.

വിരമിച്ചശേഷമാണ് പരശുറാം ഒരു ജെ.സി.ബി. വാങ്ങിയത്. പിന്നീട് മറ്റൊന്നുകൂടി വാങ്ങി. ഇതിലൂടെ മാസം 60,000 മുതൽ 70,000 രൂപവരെ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. നേവി ഉദ്യോഗസ്ഥനായ യോഗേന്ദ്രയാണ് നേഹയെ വിവാഹം ചെയ്തത്.