കോട്ടയം: എംജി സർവകലാശാലയിൽ വിദ്യാർത്ഥിനികൾക്ക് പ്രസവാവധി. ഡിഗ്രി, പിജി വിദ്യാർത്ഥിനികൾക്ക് പ്രസവാവധി അനുവദിക്കാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. 18 വയസ്സ് കഴിഞ്ഞവർക്കാണ് പ്രസവത്തിനു മുൻപോ ശേഷമോ 60 ദിവസം അവധി അനുവദിക്കുക. ഗർഭഛിദ്രം, ഗർഭാലസ്യം, ട്യൂബക്ടമി തുടങ്ങിയ സാഹചര്യങ്ങളിൽ 14 ദിവസത്തെ അവധി അനുവദിക്കും. സെമസ്റ്റർ മുടങ്ങാതെ പഠനം തുടരാനാകുമെന്നതാണു മെച്ചം.

പ്രസവാവധിക്കുള്ള മറ്റു വ്യവസ്ഥകൾ

* ആദ്യത്തെയോ രണ്ടാമത്തെയോ ഗർഭധാരണമായിരിക്കണം

* ഒരു കോഴ്സിനിടെ ഒരു തവണ മാത്രം അവധി.

* രജിസ്റ്റേഡ് ഡോക്ടറുടെ സാക്ഷ്യപത്രം പരിഗണിച്ച് പ്രിൻസിപ്പലിനോ പഠനകേന്ദ്രം മേധാവിക്കോ ഡയറക്ടർക്കോ അവധി അനുവദിക്കാം. 3 ദിവസം മുൻപ് അപേക്ഷ നൽകണം.

* അവധിയിലുള്ളവർക്ക് പ്രാക്ടിക്കൽ, ലാബ്, വൈവ പരീക്ഷകളിൽ പങ്കെടുക്കേണ്ടിവന്നാൽ സ്ഥാപനത്തിന്റെയോ വകുപ്പിന്റെയോ മേധാവി ക്രമീകരണം ഏർപ്പെടുത്തണം.