കൊല്ലം: നിർമ്മാണത്തിലിരിക്കുന്ന വീടിന് നേരെ കരാറുകാരൻ ആക്രമണം നടത്തിയെന്ന പരാതിയുമായി റിയാലിറ്റി ഷോ താരമായ ഫിറോസ് ഖാൻ. കൊല്ലം ചാത്തന്നൂർ പൊലീസിനെയാണ് പരാതിയുമായി താരം സമീപിച്ചത്. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് കരാറുകാരൻ പറയുന്നു.

തന്റെ ബന്ധുകൂടിയായ ഷഹീറിനാണ് ഫിറോസ് വീട് നിർമ്മാണത്തിന് കരാർ നൽകിയത്. സാമ്പത്തിക തർക്കത്തിന്റെ പേരിൽ കരാറുകാരൻ വീട് ആക്രമിച്ചെന്നാണ് ഫിറോസ് ഖാന്റെ പരാതി. വീടിന്റെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. ആറുമാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി നൽകാമെന്നാണ് പറഞ്ഞതെങ്കിലും രണ്ട് വർഷം പിന്നിട്ടുവെന്നും ലോൺ ഉൾപ്പെടെ എടുത്താണ് വീട് നിർമ്മാണം ആരംഭിച്ചതെന്നും പരമാവധി വിട്ടുവീഴ്ച ചെയ്തുവെന്നും ഫിറോസ് ഖാൻ പറയുന്നു.

ചതുരശ്ര അടിക്ക് 1,300 രൂപ നിരക്കിലാണ് വീട് നിർമ്മാണത്തിന് കരാർ നൽകിയത്. കരാറുകാരൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. വീട് നിർമ്മാണം പൂർത്തിയാകാതെ പണം നൽകാൻ കഴിയില്ലെന്ന് പറഞ്ഞുവെന്ന് ഫിറോസിന്റെ ഭാര്യയും റിയാലിറ്റി ഷോ താരവുമായ സജ്‌നയും പറയുന്നു.

നൽകിയ പണത്തിന്റെ ജോലി ചെയ്തിട്ടില്ലെന്നും ഇനി തുച്ഛമായ തുക മാത്രമാണ് നൽകാൻ ബാക്കിയുള്ളതെന്നും ഫിറോസ് കൂട്ടിച്ചേർത്തു. ജീവിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയെ തുടർന്നാണ് ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയതെന്നും ഫിറോസ് പറയുന്നു. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നാണ് കരാറുകാരൻ പറയുന്നത്.

കരാർ ഉറപ്പിച്ചതിനെക്കാൾ വലിപ്പം ഇപ്പോൾ വീടിനുണ്ട്. അതനുസരിച്ചുള്ള വർധനയാണ് തുകയിലുണ്ടായിരിക്കുന്നതെന്നും കരാറുകാരൻ പറയുന്നു. സമീപ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്