കോഴിക്കോട്: മുസ്ലിം ചെറുപ്പക്കാരെ മാത്രം ലക്ഷ്യം വെച്ച് മതനിരാസ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരം സംഘങ്ങൾ നടത്തുന്ന വികല വാദങ്ങളെ തിരിച്ചറിയണമെന്നും വ്യക്തമാക്കി മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന ജാഗ്രത സമ്മേളനം.

സോഷ്യൽ മീഡിയ ഉപയോഗിച്ചും അല്ലാതെയും മതനിരാസ പ്രസ്ഥാനക്കാരും എക്‌സ് മുസ്ലിം എന്നവകാശപ്പെടുന്നവരും മതപരിഹാസങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രചരണങ്ങൾക്ക് പ്രമാണങ്ങളുടെ പിൻബലത്തിൽ മറുപടി പറയാൻ ചെറുപ്പക്കാർ തയ്യാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മതബോധമുള്ള ഒരു സമൂഹത്തിൽ സംശയങ്ങൾ സൃഷ്ടിച്ച് അവരെ ധാർമ്മിക സദാചാര വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് നവനാസ്തികർ ശ്രമിക്കുന്നത്. നവനാസ്തികതക്ക് ശാസ്ത്രത്തിന്റെയോ ബുദ്ധിയുടേയോ പിന്തുണയില്ലെന്ന് സമൂഹം മനസ്സിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്ക പരിഹരിക്കാൻ സർക്കാർ ജാഗ്രത കാണിക്കണമെന്ന് മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാർത്ഥി സമ്മേളനം ആവശ്യപ്പെട്ടു. ജൻഡർ ന്യൂട്രാലിറ്റിയുടെ മറവിൽ, സമൂഹത്തിൽ നിലനിൽക്കുന്ന ധാർമ്മിക സദാചാര മൂല്യങ്ങൾ കീഴ്‌മേൽ മറിച്ച് അരാജകവാദികൾക്ക് വാതിൽ തുറന്നിടുന്ന സാഹചര്യം അനുവദിക്കരുത്. ലിംഗനീതി, തുല്യത തുടങ്ങിയ പദങ്ങളിലൂടെ ഒളിച്ചുകടത്താൻ ശ്രമിക്കുന്ന ആശയങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് തിരിച്ചറിയണം. തുറന്ന ലൈംഗികത രാഷ്ട്രങ്ങളെ എങ്ങനെ തകർക്കുന്നുവെന്നതിന് ധാരാളം ഉദാഹരണങ്ങൾ ഉണ്ടെന്നിരിക്കെ, ലൈംഗിക അരാജകത്വത്തിലേക്ക് ചെറുപ്പത്തെ നയിക്കുന്ന വിവേകരഹിതമായ പരിഷ്‌കരണ ചിന്തകൾ ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.