തിരുവനന്തപുരം: ജീവനക്കാരുടെ ലീവ് സറണ്ടർ കാര്യത്തിലെ സർക്കാർ തീരുമാനം വഞ്ചനയാണെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ് എം എസ്സും ജനറൽ സെക്രട്ടറി ബിനോദ് കെയും അഭിപ്രായപ്പെട്ടു. ലീവ് സറണ്ടർ സർക്കാർ പുനഃസ്ഥാപിച്ചിട്ടില്ല.

ലീവ് സറണ്ടറിന് അപേക്ഷിച്ചാൽ തുക പ്രോവിഡന്റ് ഫണ്ടിലേക്ക് 2023 മാർച്ച് 20ന് ശേഷം നിക്ഷേപിക്കും. ആ തുക നാല് വർഷത്തേക്ക് പിൻവലിക്കാനാകില്ല. 2027 മാർച്ച് 20ന് ശേഷം പ്രസ്തുത തുക പി .എഫ് താൽക്കാലിക വായ്പയായോ തിരിച്ചടക്കേണ്ടതില്ലാത്ത അഡ്വാൻസായോ അപേക്ഷിച്ച് അനുവദിക്കുന്ന മുറയ്ക്ക് അനുഭവേദ്യമാകും. അതായത് എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് അവധി സറണ്ടർ ചെയ്ത തുക ലഭിക്കില്ല.

ലഭിക്കാത്ത തുകയ്ക്ക് വരുമാന നികുതി ബാധ്യത ജീവനക്കാരനും സാമ്പത്തിക ബാധ്യത അടുത്ത സർക്കാരിന്റെ ചുമലിലും എന്ന അപഹാസ്യമായ തന്ത്രമാണ് സർക്കാർ വച്ചുപുലർത്തുന്നതെന്നും ആയത് പിൻവലിച്ച് ലീവ് സറണ്ടർ അടിയന്തിരമായി പുനഃസ്ഥാപിച്ച് ജീവനക്കാർക്ക് തുക പണമായി തന്നെ നൽകണമെന്നും ഇർഷാദ് എം എസ്സും ബിനോദ് കെയും പറഞ്ഞു.