തിരുവനന്തപുരം: സംസ്ഥാനം അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ. അതുകൊണ്ട് തന്നെ വകുപ്പുകൾ നടപ്പാക്കുന്ന പല പദ്ധതികളും വെട്ടിച്ചുരുക്കേണ്ടി വരും. അടുത്ത മാസം മൂന്നിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഈ വിലയിരുത്തലിൽ മന്ത്രിസഭ എത്തുന്നത്.

സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി മന്ത്രിസഭയിലും ചർച്ചയായി. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മന്ത്രിമാർ ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല. ഇനിയും കടമെടുത്ത് മുമ്പോട്ട് പോകേണ്ട അവസ്ഥയാണ്. ധൂർത്ത് കുറയ്ക്കാൻ സർക്കാരിന് കഴിയുന്നില്ല. ഇതാണ് പ്രതിസന്ധി കൂട്ടുന്നത്. ഈ സാഹചര്യത്തിൽ പദ്ധതി ചെലവുകൾ കുറയ്ക്കാനാണ് നീക്കം.

പല വകുപ്പുകളും നേരിടുന്ന ഗുരുതര പ്രതിസന്ധി മന്ത്രിമാർ വിവരിച്ചു. ശമ്പളവും പെൻഷനും നൽകാൻ പോലും സാധിക്കാത്ത രീതിയിൽ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നു മന്ത്രി കെ.എൻ.ബാലഗോപാലും പറഞ്ഞു. പാവപ്പെട്ടവർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കേരള ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) അനുസരിച്ചു രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയ ആശുപത്രികൾക്കു സർക്കാർ പണം നൽകാത്തതിനെ തുടർന്നു അവർ പദ്ധതിയിൽ നിന്നു പിന്മാറുമെന്നു ഭീഷണി മുഴക്കുകയാണ്. ഈ പ്രതിസന്ധിക്കിടയിൽ ആണു ബജറ്റ് അവതരിപ്പിക്കുന്നത്.

കടമെടുക്കാൻ കേന്ദ്രം അനുമതി നൽകാതെ ബുദ്ധിമുട്ടിക്കുകയാണെന്നും മന്ത്രിസഭ വിലയിരുത്തി. കടമെടുപ്പു പരിധി ഉയർത്തണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടാൻ കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചപ്പോൾ കടമെടുപ്പു പരിധി ഉയർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വസ്തുത മലയാള മനോരമയാണ് 'നയാപൈസയില്ലാതെ നവകേരളം' എന്ന പരമ്പരയിലൂടെ പുറത്തു കൊണ്ടു വന്നത്.