തിരുവനന്തപുരം: വനിതാ കൂട്ടായ്മയായ കുടുംബശ്രീ ഇന്നു റെക്കോർഡിലേക്ക് 'ചുവടു' വയ്ക്കും. രാജ്യത്തു തന്നെ ആദ്യമായി 46 ലക്ഷത്തിലേറെ കുടുംബശ്രീ വനിതകൾ പങ്കെടുക്കുന്ന 'ചുവട് 2023' മഹാസംഗമം സംസ്ഥാനത്തെ മൂന്നു ലക്ഷത്തോളം അയൽക്കൂട്ടങ്ങളിൽ റിപ്പബ്ലിക് ദിനത്തിൽ അരങ്ങേറും. രജത ജൂബിലി വർഷത്തിൽ നടക്കുന്ന ഈ മഹാസംഗമത്തിലേക്ക് ആയിരത്തോളം സംഗമ ഗാനങ്ങളും തയാറായി. കുടുംബശ്രീ കുടുംബങ്ങളിൽ നിന്നു പിറവിയെടുത്ത ഗാനങ്ങളിൽ സംഘശക്തിയും ചരിത്രവും പ്രാദേശിക വികസനവും അലയടിക്കും.

മെയ്‌ 17ന് നടക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സംഗമത്തിൽ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാല സഭാംഗങ്ങൾ, വയോജന അയൽക്കൂട്ട അംഗങ്ങൾ, ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികൾ, ട്രാൻസ്‌ജെൻഡർ അയൽക്കൂട്ട അംഗങ്ങൾ എന്നിവരും പങ്കെടുക്കും. പാലക്കാട് നഗരത്തിലെ സംഗമത്തിൽ പങ്കെടുത്തു യജ്ഞത്തിന്റെ ഭാഗമാകുന്ന മന്ത്രി എം.ബി.രാജേഷ്, പിന്നീടു കുടുംബശ്രീ യൂട്യൂബ് ചാനൽ വഴി എല്ലാ അംഗങ്ങൾക്കും സന്ദേശവും നൽകും. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ, കലാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ എന്നിവരും പങ്കെടുക്കുന്നുണ്ട്.