കോഴിക്കോട്: റബ്ബർ ടാപ്പിംങ് തൊഴിലാളിയെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടാപ്പിങ് തൊഴിലാളിയായ കോടഞ്ചേരി പുളവള്ളി നെടിയാക്കൽ ബിനോയ് തോമസ്(45) ആണ് മരിച്ചത്. ഇയാൾ വൻ സാമ്പത്തിക ബാധ്യതകൾ നേരിട്ടിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തുന്നു. വായ്പയെടുത്ത പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കോളുകൾ വന്നിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

പതിനഞ്ച് വർഷത്തോളമായി തെയ്യപ്പാറയിലുള്ള തോട്ടത്തിൽ ജോലിചെയ്യുന്ന ബിനോയ് ഇതിന് സമീപമുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വീട്ടിലെ ദുരിത ജീവിതവും കടബാധ്യതയുമാണ് ബിനോയിയെ ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് നാട്ടുകാർ പറയുന്നു.

റിസ്റ്റി ബിനോയ് ഭാര്യയും വിദ്യാർത്ഥികളായ ആൽബിൻ, അലൻ എന്നിവർ മക്കളുമാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് തെയ്യപ്പാറയിലെ വീട്ടിലും തുടർന്ന് പൂളവള്ളിയിലെ തറവാട് വീട്ടിലും എത്തിക്കും.