കൊച്ചി: രൂപഭാവങ്ങളിലും ശരീരഭാഷയിലും വാക്കിലും നോക്കിലും വാർധക്യത്തിന്റെ എല്ലാ അവശതകളോടും കൂടെ നൂറ് വയസ്സ് പ്രായമുള്ള അപ്പാപ്പനായുള്ള മേക്കോവറുമായി ഞെട്ടിച്ച് നടൻ വിജയരാഘവൻ. 'ആനന്ദം' എന്ന ചിത്രത്തിന് ശേഷം ഗണേശ് രാജ് എഴുതി സംവിധാനം ചെയ്യുന്ന 'പൂക്കാലം' എന്ന ചിത്രത്തിന്റെ ട്രെയിലർ വിഡിയോ ശ്രദ്ധ നേടുന്നു.

നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള വിജയരാഘവൻ അഭിനയരംഗത്ത് 50 വർഷം പിന്നിടുമ്പോൾ ഇതാദ്യമായാണ് നൂറിനോടടുത്ത് പ്രായം തോന്നിക്കുന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നത്.

വിജയരാഘവനൊപ്പം ഏറെ പ്രായമേറിയൊരു അമ്മൂമ്മയായി കെ.പി.എസി. ലീലയും സിനിമയിൽ അഭിനയിക്കുന്നു. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷൻ മാത്യു, സരസ ബാലുശ്ശേരി, അരുൺ കുര്യൻ, ഗംഗ മീര, രാധ ഗോമതി, അരുൺ അജികുമാർ, ശരത് സഭ, അരിസ്റ്റോ സുരേഷ് തുടങ്ങിയവർക്കൊപ്പം കാവ്യ, നവ്യ, അമൽ, കമൽ എന്നീ പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.

സി.എൻ.സി സിനിമാസ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ വിനോദ് ഷൊർണൂർ, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ നിർവഹിക്കും.

പ്രൊഡക്ഷൻ ഡിസൈനർ സൂരജ് കുറവിലങ്ങാട്, ചിത്ര സംയോജനം: മിഥുൻ മുരളി, സംഗീതം, പശ്ചാത്തല സംഗീതം: സച്ചിൻ വാര്യർ, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപ്പറമ്പ്, ചമയം: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിശാഖ് ആർ. വാര്യർ, നിശ്ചല ഛായാഗ്രഹണം: സിനറ്റ് സേവ്യർ, പോസ്റ്റർ ഡിസൈൻ: അരുൺ തോമസ്, പി.ആർ.ഒ-എ.എസ്. ദിനേശ്, മാർക്കറ്റിങ്: സ്‌നേക്ക്പ്ലാന്റ്.