മലപ്പുറം: കാറിൽ രഹസ്യ അറ നിർമ്മിച്ച് ഒരുകോടിയിലേറെ കുഴൽപ്പണം കടത്തിയ രണ്ട് പേർ പെരിന്തൽമണ്ണയിൽ പിടിയിൽ. മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്‌പി സന്തോഷ് കുമാർ, ഇൻസ്പെക്ടർ സി. അലവി എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐ അഷറഫലിയും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കരിങ്കല്ലത്താണിക്ക് സമീപം വെച്ച് സംഘത്തിന്റെ വാഹനം പിടികൂടിയത്.

തൃശൂർ സ്വദേശിയായ തേർമഠം രാജൻ മകൻ ഡാനിൽ, തൃശൂർ വെള്ളച്ചിറ സ്വദേശിയായ തേർമഠം വിൽസൺ മകൻ ലോറൻസ് എന്നിവരാണ് പണവുമായി പിടിയിലായത്. വാഹനം പരിശോധിച്ചതിൽ പിൻ സീറ്റിന് പുറകിൽ നിർമ്മിച്ച രഹസ്യ അറ പൊലീസ് കണ്ടെത്തി പരിശോധിച്ചതോടെയാണു പണം പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത വാഹനവും രൂപയും പെരിന്തൽമണ്ണ കോടതി മുമ്പാകെ ഹാജരാക്കും. തുടർ നടപടികൾക്കായി ഇൻകംടാക്സ് വിഭാഗത്തിനും, എൻഫോഴ്സ്മെന്റ് വിഭാഗത്തിനും റിപ്പോർട്ട് നൽകും.

അതേ സമയം കാറിന്റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിർമ്മിച്ച് അകത്ത് സൂക്ഷിച്ചു കടത്തുകയായിരുന്ന 1.65കോടി കുഴൽപണവുമായി രണ്ടുപേർ മാസങ്ങൾക്കു മുമ്പു വളാഞ്ചേരിയിൽ പിടിയിലായിരുന്നു. വാഹന പരിശോധനക്കിടെ കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത ഒരു കോടി അറുപത്തിനാല് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി അഞ്ഞൂറ് (1,64,98500 ) രൂപയുമായാണ് രണ്ട് പേരെ വളാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ കെ.ജെ.ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. ഈ സംഘവുമായി പിടിയിലായവർക്കു ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നതായാണു വിവരം.

പാണ്ടിക്കാട് തുവ്വൂർ സ്വദേശി കുറുവേലി അൻസാർ (36) വല്ലപ്പുഴ സ്വദേശി തൊടിയിൽ ഫൈസൽ (33) എന്നിവരാണ് പിടിയിലായത്.മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത്ദാസ് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് കുളമംഗലത്തുവെച്ച് ഇവർ പിടിയിലാകുന്നത്.

കാറിന്റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിർമ്മിച്ചാണ് പണം സൂക്ഷിച്ചിരുന്നത്. പുറമെ നിന്ന് നോക്കിയാൽ സ്റ്റീരിയോ ഘടിപ്പിച്ചതായാണ് തോന്നുക. സംശയം തോന്നി പൊലീസ് ഇളക്കി നോക്കുകയായിരുന്നു. അകത്തേക്ക് വലിയ അറയാണ് നിർമ്മിച്ചിരുന്നത്. കുഴൽപ്പണ കടത്തുകാർക്കായി പ്രത്യേക രഹസ്യ അറ നിർമ്മിച്ചു നൽകുന്ന സംഘങ്ങളുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. 500രൂപയുടെ നോട്ടുകളാണ് കാറിലുണ്ടായിരുന്നത്.