കോഴിക്കോട്: നിയമസഭയിൽ കെ കെ രമയ്‌ക്കെതിരായ കയ്യേറ്റത്തിൽ പ്രതിഷേധിച്ച് സാംസ്കാരിക പ്രവർത്തകർ കോഴിക്കോട്ട് നടത്തിയ ഐക്യദാർഢ്യ പരിപാടിക്ക് നേരെ പൊലീസ് അതിക്രമം. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് സംഘാടകർ പറഞ്ഞു. പ്രകോപനം ഇല്ലാതെ മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് പൊലീസ് അതിക്രമം കാട്ടിയതെന്നും ഇവർ ആരോപിച്ചു.

ആർഎംപിഐ ജില്ലാ കമ്മിറ്റിയുടെയും ജനാധിപത്യവേദിയുടെയും ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. വൈകിട്ട് മിഠായിത്തെരുവിൽ എസ് കെ പൊറ്റക്കാട് പ്രതിമയ്ക്ക് മുമ്പിൽ സംഘടിപ്പിച്ച ജനാധിപത്യ പ്രതിരോധം പരിപാടിക്ക് നേരെയാണ് പൊലീസ് രംഗത്തെത്തിയത്. പ്രതിഷേധ സംഗമം എഴുത്തുകാരൻ യു കെ കുമാരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡോ. ആസാദ് സംസാരിച്ചുകൊണ്ടിരിക്കെ അസി. കമ്മീഷണറുടെ നേതൃത്വത്തിലെത്തിയ പൊലീസ് പരിപാടി മറ്റൊരിടത്തേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് വേദി മാറ്റാൻ ആർഎംപിഐ ജില്ലാ സെക്രട്ടറി കെ പി പ്രകാശൻ ശ്രമം നടത്തുമ്പോൾ മുന്നറിയിപ്പില്ലാതെ പൊലീസ് പിടിച്ചുവലിച്ച് പ്രകാശനെ വാഹനത്തിൽ കയറ്റിയെന്നാണ് ആർഎംപിഐ പ്രവർത്തകരുടെ ആരോപണം.

ഡോ. ആസാദ്, കെ കെ രമയുടെ സഹോദരി കെ കെ പ്രേമ, ഇവരുടെ ഭർത്താവ് ജ്യോതി ബാബു, വി കെ സുരേഷ്, സുധീർ, വേണുഗോപാലൻ കുനിയിൽ, ഷംനാസ് തുടങ്ങി മുപ്പതോളം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് വലിച്ചിഴച്ചാണ് പൊലീസ് ബസിലേക്ക് കയറ്റിയതെന്നും ആരോപണമുണ്ട്. പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവരെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞ് ടൗൺ പൊലീസ് സ്റ്റേഷനു മുന്നിൽ അഡ്വ പി കുമാരൻകുട്ടി, കെഎസ. ഹരിഹൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധിച്ചു. ഒരു ജനാധിപത്യ പ്രതിഷേധവും അനുവദിച്ചു തരില്ല എന്ന അങ്ങേയറ്റം ഏകാധിപത്യപരമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കൾച്ചറൽ ഫോറം ആരോപിച്ചു.

കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന സംഭവങ്ങളിൽ പ്രതിഷേധിച്ചും സോഷ്യൽ മീഡിയയിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണത്തിനും അപവാദ പ്രചരണങ്ങൾക്കുമെതിരെ കോഴിക്കോട് സംഘടിപ്പിച്ച ജനാധിപത്യ പ്രതിഷേധ കൂട്ടായ്മയ്‌ക്കെതിരായ പൊലീസ് അതിക്രമം ഭരണകൂട ഭീകരതയാണെന്ന് കെ. കെ രമ എംഎൽഎ പറഞ്ഞു. സമാധാനപരമായി നടന്ന സമര സ്ഥലത്ത് വലിയ പൊലീസ് സന്നാഹം എത്തിച്ചേരുകയും സമരക്കാരെ മുഴുവൻ കസ്റ്റഡിയിലെടുത്തുകൊണ്ടുപോവുകയുമായിരുന്നു. സ്ത്രീകളടക്കമുള്ള പൊതുപ്രവർത്തകരെയും സാംസ്‌കാരിക പ്രവർത്തകരെയും ഏകപക്ഷീയമായി കസ്റ്റഡിയിൽ വെച്ച പൊലീസ് നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. ജനകീയ സമരങ്ങളെയും വിമർശനങ്ങളെയും വിയോജിപ്പുകളെയും എത്രത്തോളം ഈ ഭരണകൂടം ഭയക്കുന്നു എന്നതിന്റെ തെളിവാണ് ന്യായീകരിക്കാനാവാത്ത പൊലീസ് നടപടിയെന്ന് അവർ പ്രസ്താവിച്ചു.