കണ്ണൂർ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചു കഥാകൃത്ത് ടി. പത്മനാഭനും കണ്ണൂരിൽ രംഗത്തത്തി. രാജ്യം ഇന്ന് വലിയൊരു ദുരന്ത മുഖത്താണ് ഉള്ളതെന്നും ജനാധിപത്യവാദികൾ ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും ടി പത്മനാഭൻ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെയുള്ള ഭരണകൂട ഭീകരതയ്ക്കെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കോൺഗ്രസ് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നെല്ലും പതിരും വേർതിരിക്കുന്ന ഒരു കാലം വരും, കാലമാണ് ഏറ്റവും വലിയ വിധി കർത്താവെന്നും ആ വിധിയെഴുത്തിനാണ് ഞാൻ കാത്തിരിക്കുന്നതെന്നും ടി പത്മനാഭൻ പറഞ്ഞു. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ പോലും കോടതിക്ക് മുൻപിൽ ഹാജരാക്കിയാൽ ആ പ്രതിക്ക് അവസാനമായി കോടതി മുൻപാകെ എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിക്കും. എന്നാൽ രാഹുൽ ഗാന്ധിയോട് ഒരു ചോദ്യവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നത് അപകടകരമായ അവസ്ഥ തന്നെയാണ്.

വിദേശത്ത് പോയി രാഹുൽ ഗാന്ധി ഇന്ത്യക്കെതിരെ പ്രസംഗിച്ചുവെന്നാണ് പറയുന്നത്. പാർലമെന്റിൽ ഭരണപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോൾ രാഹുൽ ഗാന്ധി മൂന്ന് തവണ സ്പീക്കർക്ക് കത്ത് നൽകി. രണ്ട് തവണ നേരിട്ട് കണ്ട് തന്റെ പ്രസംഗത്തെ കുറിച്ച് വിവരിക്കാൻ സമയം തരണമെന്നാവശ്യപ്പെട്ടു. എന്നാൽ സ്പീക്കർ ഇതേ കുറിച്ച് ഒന്നും പ്രതികരിക്കാതെ നിലകൊള്ളുകയായിരുന്നു. ഒരു കോടതിവിധിയുടെ പേരിൽ രാഹുൽ ഗാന്ധിയുടെ പാർലമെന്റംഗത്വം ഇല്ലാതാക്കാൻ ഒരു ദിവസം പോലും എടുത്തില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും ടി പത്മനാഭൻ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ പ്രൊഫ എ ഡി മുസ്തഫ , അഡ്വ സോണി സെബാസ്റ്റ്യൻ, വി എ നാരായണൻ ,മേയർ ടി ഒ മോഹനൻ , പി ടി മാത്യു ,എൻ പി ശ്രീധരൻ ,വി രാധാകൃഷ്ണൻ മാസ്റ്റർ ,കെ സി മുഹമ്മദ് ഫൈസൽ ,മുഹമ്മദ് ബ്ലാത്തൂർ ,എം പി ഉണ്ണിക്കൃഷ്ണൻ ,വി വി പുരുഷോത്തമൻ, കെ പ്രമോദ് ,രജനി രാമാനന്ദ് ,അമൃത രാമകൃഷ്ണൻ , സുരേഷ് ബാബു എളയാവൂർ , വി പി അബ്ദുൽ റഷീദ് , കട്ടേരി നാരായണൻ ,റഷീദ് കവ്വായി ,സി ടി സജിത്ത് ,എം പി വേലായുധൻ ,പൊന്നമ്പത്ത് ചന്ദ്രൻ ,അഡ്വ .ബ്രജേഷ് കുമാർ ,സി വി സന്തോഷ് ,ടി ജയകൃഷ്ണൻ ,സി ടി ഗിരിജ ,ബിജു ഉമ്മർ ,കൂക്കിരി രാഗേഷ് ,ഹരിദാസ് മൊകേരി ,ടി ജനാർദ്ദനൻ , ,എം കെ മോഹനൻ ,രജിത്ത് നാറാത്ത് ,സി രഘുനാഥ്, കല്ലിക്കോടൻ രാഗേഷ് ,ടി കെ അജിത്ത് ,എം വി രവീന്ദ്രൻ ,വി സി പ്രസാദ് ,കെ എം ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു നേരത്തെ യൂത്ത് കോൺഗ്രസ്,കെ. എസ്.യു പ്രവർത്തകർ ദേശീയ പാത ഉപരോധിക്കുകയും കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചു നടത്തുകയും പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.