സിനിമയിലെത്തിയ കാലം മുതൽ മമ്മൂട്ടിയുടെ സുഹൃത്താണ് ഇന്നസെന്റ്. അച്ഛനാും ജേഷ്ഠനായും സുഹൃത്തായും കാര്യസ്ഥനായുമെല്ലാം ഇന്നസെന്റ് മമ്മൂട്ടിക്കൊപ്പം വേഷമിട്ട് ആളുകളെ ചിരിപ്പിച്ചിട്ടുണ്ട്. സിനിമയിലേത് പോലെ തന്നെയുള്ള അടുപ്പമായിരുന്നു ഇരുവർക്കും ജീവിതത്തിലും. അതുകൊണ്ട് തന്നെ ഇന്നസെന്റിന്റെ മരണം മമ്മൂട്ടിക്കും താങ്ങാവുന്നതിലും വലിയ വേദനയായിരുന്നു. ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാൻ ഇന്നസന്റിന്റെ ഭൗതിക ശരീരം വിശ്രമിക്കുന്ന കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെ വിശാലമായ ഹാളിലേക്ക് മമ്മൂട്ടിയും എത്തി.

പ്രിയ സുഹൃത്തിന്റെ അനക്കമറ്റ ശരീരത്തിന് മുന്നിൽ സങ്കടം കടിച്ചമർത്തി ചുവന്നു കലങ്ങിയ കണ്ണുകളുമായാണ് മമ്മൂട്ടി നിന്നത്. ഇന്നസന്റിനെ നോക്കിയപ്പോൾ ഒരു ജീവിതകാലം മുഴുവൻ ഒരുപാട് ആളുകളെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ജനമനസ്സുകളിൽ ഇടം നേടിയ ഈ അതുല്യ നടനുമായുള്ള സ്വകാര്യ നിമിഷങ്ങൾ മമ്മൂട്ടിയുടെ മനസ്സിൽ അലകടലായിട്ടുണ്ടാകാം. മോഹൻലാൽ-മമ്മൂട്ടി എന്ന രണ്ടു ദ്വന്ദങ്ങളിൽ മലയാള സിനിമ തിളങ്ങി നിന്നപ്പോൾ ഹാസ്യ സമ്രാട്ടിന്റെ പകരം വയ്ക്കാനില്ലാത്ത സിംഹാസനത്തിലേക്ക് ഇന്നസന്റ് എന്ന നിഷ്‌കളങ്കൻ എടുത്തുയർത്തപ്പെടുകയായിരുന്നു. മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും ഒട്ടു മിക്ക സിനിമകളിലും ഇന്നസെന്റ് ഹാസ്യതാരമായി ഉണ്ടായിരുന്നു. ആരെയും ചിരിപ്പിക്കുന്ന നിഷ്‌കളങ്കമുഖമായിരുന്നു ഇന്നസെന്റിന്റേത്.

മാർച്ച് മൂന്നിനാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഇന്നസെന്റിനെ ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നസന്റ് അത്യാസന്ന നിലയിലായത് മുതൽ അദ്ദേഹത്തിന്റെ വിവരങ്ങൾ മമ്മൂട്ടി ആശുപത്രിയിൽ നിന്ന് മനസ്സിലാക്കിക്കൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാകുന്നത് മനസ്സിലാക്കിയ മമ്മൂട്ടി ഇന്നലെ രാവിലെ തന്നെ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിലെത്തിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്റിനെ മമ്മൂട്ടി കണ്ടു. അതിനുശേഷം ഡോക്ടർമാരോട് അദ്ദേഹത്തിന്റെ സ്ഥിതിയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ശേഷം മമ്മൂട്ടി സ്വവസതിയിലേക്ക് മടങ്ങി.

എന്നാൽ രാത്രി പത്തരയോടെ ഇന്നസെന്റിന്റെ മരണവാർത്ത അറിഞ്ഞ മമ്മൂട്ടി വീണ്ടും ലേക് ഷോറിലേക്ക് ഓടിയെത്തുകയായിരുന്നു. മാധ്യമങ്ങൾ ഇന്നസെന്റിനെക്കുറിച്ച് പ്രതികരണങ്ങൾ ആരാഞ്ഞെങ്കിലും ഒരുവാക്ക് പോലും പറയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു മമ്മൂട്ടി. സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാൻ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ മമ്മൂട്ടി ഒരുമാത്ര സുഹൃത്തിനെ നോക്കി ഭൗതികശരീരത്തിനരികെ നിന്നു. താരസംഘടനയുടെ അധ്യക്ഷനായി പതിനെട്ട് വർഷത്തോളം തങ്ങളെ നയിച്ച പ്രിയസുഹൃത്തിന് യാത്രാമൊഴി നേർന്ന് മമ്മൂട്ടി പിൻവാങ്ങി.