തിരുവനന്തപുരം: ഏപ്രിലിൽ വേനൽ മഴയുടെ ശക്തി വർധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഈ വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നു പ്രവചനമുണ്ട്. ഈ മാസത്തെ രണ്ടാമത്തെ ആഴ്ചയോടു കൂടി കൂടുതൽ മഴ കൂടുതലായി ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് റിപ്പോർട്ട് ചെയ്തു. മാർച്ചിൽ പ്രതീക്ഷിച്ച വേനൽ മഴ കേരളത്തിനു ലഭിച്ചിരുന്നു. ശരാശരി 34.4 മില്ലിമീറ്റർ മാർച്ചിൽ ലഭിക്കുന്നതിൽ 31.4 മില്ലിമീറ്റാണ് ഇത്തവണ പെയ്തത്. ഇടുക്കി, കോട്ടയം, വയനാട്, പത്തനംതിട്ട ജില്ലകളിൽ സാധാരണയിലും കവിഞ്ഞു മഴ പെയ്തപ്പോൾ മറ്റു ജില്ലകളിൽ കുറഞ്ഞു.

വ്യാപകമായല്ല, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടി വേനൽ മഴ ലഭിക്കുന്നതാണു രീതിയെന്നു തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രം മേധാവി ഡോ.കെ.സന്തോഷ് പറഞ്ഞു. ഉച്ചയ്ക്കു മുൻപു മഴ പെയ്താലാണു ചൂടു കാര്യമായി കുറയുക. മാർച്ചിൽ മഴ ലഭിക്കാത്ത കണ്ണൂർ, കാസർകോട് പോലുള്ള വടക്കൻ ജില്ലകളിൽ ഈ മാസം മഴ പ്രതീക്ഷിക്കാമെന്നും വ്യക്തമാക്കി.