പിറവം: പുഴയിൽ മുങ്ങിത്താണ മൂന്നു പേരുടെയും ജീവൻ രക്ഷിച്ച ശേഷം മനേഷ് മരണത്തിലക്ക് യാത്രയായി. ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നതിനിടെ പാഴൂർ മണൽപ്പുറത്തിനു സമീപമുള്ള കടവിൽ ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. പുഴയിലെ മണൽക്കുഴിയിൽ പെട്ട മൂന്നു പേരുടെ ജീവൻ രക്ഷിച്ച ശേഷം എരൂർ കല്ലുപറമ്പിൽ കെ.എം.മനേഷ് (42) മുങ്ങി താഴുകയായിരുന്നു. കല്ലുപറമ്പിൽ മണിയുടെയും ശാന്തയുടെയും മകനാണ്. സംസ്‌കാരം നടത്തി.

മനേഷിന്റെ മാതൃസഹോദരന്റെ ബലിതർപ്പണത്തിനു പുഴയിൽ എത്തിയതായിരുന്നു. ഇരുപത് അംഗ സംഘമാണ് പാഴൂരിൽ എത്തിയത്. ബലി തർപ്പണത്തിനായി സംഗം പുഴയിലേക്ക് ഇറങ്ങി. മണൽപ്പുറത്തിനു സമീപം പുഴയോരത്തു മൺതിട്ടയിൽ നിന്നിരുന്ന അമൽ, സജിൻ, സൂര്യദേവ് എന്നിവർ വഴുതി വെള്ളത്തിൽ വീണു. ഇതു കണ്ട നീന്തൽ വശമുണ്ടായിരുന്ന മനേഷ് വെള്ളത്തിലേക്ക് ചാടി. മൂന്നു പേരെയും കരയിൽ എത്തിച്ചതിനു ശേഷം മുങ്ങിപ്പോവുകയായിരുന്നു.

നേരത്തെ മണൽ വാരൽ നടന്നിരുന്ന ഈ ഭാഗത്തും പലയിടത്തും പുഴയിൽ കുഴികൾ ഉണ്ട്. ഇതാണ് അപകട കാരണമായത്. ഒപ്പമുണ്ടായിരുന്നവരും നീന്തൽ പരിശീലനം നടത്തിയിരുന്നവരും ചേർന്നു കരയിലെത്തിച്ചു ജെഎംപി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞു. ആദ്യം വെള്ളത്തിൽ വീണവർക്കു ആരക്കുന്നം എ.പി.വർക്കി മിഷൻ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകി. മനേഷ് ഇലക്ട്രീഷ്യനാണ്. ഭാര്യ: വിദ്യാലക്ഷ്മി (മുത്തൂറ്റ് ഫിനാൻസ്, കൊച്ചി). മക്കൾ: ദക്ഷ, ദിയ.