ചക്ക മഡൽ കഴിച്ച് അവശനിലിൽ മരണത്തോട് മല്ലിട്ട് പശുവിനെ രക്ഷിക്കാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് പാറത്തോട് വെറ്റിനറി സർജൻ ഡോ. നെൽസൺ എം. മാത്യു. പശുവിനെ ചികിത്സിക്കുന്നതിനിടെ തൊഴുത്തിൽ ഇലക്ട്രിക് ഷോക്കുണ്ടായതും ഒമ്പതു പേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതുമായ അനുഭവവമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. തന്റെ ജന്മദിനത്തിലാണ് ഈ സംഭവം നടന്നതെന്നും അദ്ദേഹം വിവരിക്കുന്നു.

അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം
കോട്ടയം ജില്ലയിലെ, പാറത്തോട് പഞ്ചായത്തിൽ ഇടക്കുന്നം എന്ന കൊച്ചുഗ്രാമത്തിൽ, ജോസ് കൈപ്പൻപ്ലാക്കൽ എന്ന കർഷകന്റെ വിളി വന്നത് കഴിഞ്ഞ രാത്രി ഏകദേശം ഏഴരയോടെയായിരുന്നു. മോളുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് കേക്ക് മുറിക്കാനായി സന്ധ്യാ പ്രാർത്ഥന നടന്നുകൊണ്ടിരിക്കുമ്പോഴാണ് നിർത്താതെ ഫോൺ അടിച്ചത്. പരിചയമുള്ള കർഷകനാണ്. 'പശുവിന് ചക്ക മടൽ കൊടുത്തു വയർ കണ്ടമാനം വീർത്ത്, ശ്വാസം മുട്ടി പശു വീണു കിടക്കുന്നു. കൈകാൽ ഇട്ട് അടിക്കുന്നു. വാഹനം കൊണ്ടു വരാം, സർ ഒന്നു വരുമോ..?' അദ്ദേഹം ഒറ്റ ശ്വാസത്തിൽ ചോദിച്ചു.

പ്രാർത്ഥന വേഗം പൂർത്തിയാക്കി, കേക്ക് മുറിച്ച് കഴിയുന്നതിനു മുമ്പു തന്നെ വണ്ടി എത്തി. കർഷകന്റെ വീട്ടിലെത്തി, വണ്ടി നിർത്തിയപ്പോൾ തന്നെ, പശുവിന്റെ നിർത്താതെയുള്ള കരച്ചിൽ കേൾക്കാം. ചെന്നു നോക്കിയപ്പോൾ ഉദര കമ്പനം മൂലം വയർ കണ്ടമാനം വീർത്തിട്ടുണ്ട്.

ശ്വാസം വിടാൻ ബുദ്ധിമുട്ടുന്നു. രക്ഷപെടുത്താൻ പറ്റുമോ എന്ന ആശങ്ക ഉടമയെ പറഞ്ഞു മനസിലാക്കി. ഉടനെ തന്നെ ചികിത്സ ആരംഭിച്ചു. ആദ്യഘട്ട മരുന്നുകൾ ചെന്നപ്പോൾത്തന്നെ പശുവിന് കുറച്ച് ആശ്വാസമായതായി തോന്നി. കുറച്ചു കഴിഞ്ഞ് പശുവിനെ മറിച്ചു കിടത്തി. ഇടതു വശത്തെ കൈ 2 മിനിട്ട് നേരത്തേക്ക് കോച്ചി വെട്ടി വലിക്കുന്നതു പോലെ കാണിക്കുന്നു. ചികിത്സ തുടരുന്നതിനിടെ, പശുവിന്റെ കഴുത്തിന്റെ വട്ടക്കയറിൽ പിടിക്കുമ്പോൾ, ഷോക്ക് അടിക്കുന്ന പോലെ അനുഭവം. 3 തവണ ഉണ്ടായി. ചികിത്സ തുടർന്നു. ഇടയ്ക്ക് കൈ കഴുകാൻ സമീപത്തുണ്ടായിരുന്ന അലുമിനിയം ബക്കറ്റിൽ വെള്ളത്തിൽ കൈ ഇടുമ്പോൾ, ഷോക്ക് അടിക്കുന്ന പോലെ അനുഭവം വീണ്ടും. അയൽക്കാർ ഉൾപ്പെടെ 9 പേർ തൊഴുത്തിൽ ഉണ്ടായിരുന്നു. അവരോട്, ഇക്കാര്യം പറഞ്ഞപ്പോൾ, അവർ പരിശോധന നടത്തി. തൊഴുത്തിലേക്ക് കൊടുത്തിരിക്കുന്ന ഇലക്ട്രിക് വയറിന്റെ ജോയിന്റ് ഭാഗത്തു നിന്നും, ജിഐ പൈപ്പ് വഴിയാണ് പ്രശ്‌നം. ഉടനെ തന്നെ, മെയിൻ ഓഫ് ചെയ്ത് ഇലക്ട്രിക് വയർ അഴിച്ചു മാറ്റി. ചികിത്സ തുടർന്നു. പിന്നീട് വെള്ളം ഒഴിച്ചപ്പോൾ പശു എഴുന്നേറ്റു. ആർക്കും ഷോക്ക് ഏൽക്കാതെ രക്ഷപ്പെട്ടതിനു ദൈവത്തിന് നന്ദി പറഞ്ഞ്, 10.30ന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ജന്മദിനത്തിന് ഉണ്ടാക്കിയ ഫ്രൈഡ് റൈസ് തണുത്തു പോയിരുന്നു.

ഇന്നലെ രാവിലെ ജോസ് അച്ചായൻ സന്തോഷത്തോടെ വിളിച്ചു. പശു സാധാരണ രീതിയിൽ തീറ്റ എടുത്തു തുടങ്ങി. ദൈവത്തിന്റെ അദൃശ്യ കരങ്ങൾ ആവാം കൂട്ടമരണങ്ങൾ ഒഴിവാക്കിയത് എന്ന വിശ്വാസവും ഇവിടെ മേമ്പൊടിയായി ചേർക്കുന്നു.