കണ്ണൂർ: മട്ടന്നൂരിൽ എംഡിഎംഎയുമായി രണ്ട് യുവതികൾ അടക്കം മൂന്നു പേർ അറസ്റ്റിൽ. ചക്കരക്കൽ കാപ്പാട് സ്വദേശി ഷാനിസ്, ഹൈദരാബാദ് സ്വദേശിനി വി മതീര ചിക്കമഗളൂരു സ്വദേശിനി നൂർ സാദിയ എന്നിവരാണ് അറസ്റ്റിലായത്. 3.46 ഗ്രാം എംഡിഎംഎ ആണ് പ്രതികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. കാറിൽ സഞ്ചരിക്കുന്നതിനിടെ മട്ടന്നൂർ വായാന്തോട് നിന്നാണ് ഇവരെ പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച കാസർകോട് ഉദുമയിൽ നിന്ന് 150 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചട്ടഞ്ചാൽ സ്വദേശിയായ അബൂബക്കർ, ഭാര്യ ആമിന അസ്ര, കർണ്ണാടക സ്വദേശികളായ വാസിം, സൂരജ് എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടയിൽ ഇവരുടെ പക്കൽ നിന്നും ലഹരി ഉത്പന്നങ്ങൾ പൊലീസ് കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവിൽ നിന്ന് കാസർകോടേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ. പ്രതികളെ ചോദ്യം ചെയ്തതിലൂടെ ലഹരി കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെ ഉടൻ പിടികൂടാനാകുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.